ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം അജിങ്ക്യ രഹാനെയ്ക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ശാന്തത കൈവിടാത്ത പ്രകടനമാണ് രഹാനെയെ വ്യത്യസ്തനാക്കിയതെന്ന് സച്ചിൻ പറഞ്ഞു. ടീമിന് ധൈര്യത്തോടെ കളിക്കാനുള്ള ആത്മവിശ്വാസം നൽകുന്നത് പലപ്പോഴും ആ ശാന്തതയാണെന്നും ക്രിക്കറ്റ് ഇതിഹാസം എക്‌സിൽ കുറിച്ചു.
'മുംബയ്ക്കായി നമ്മൾ ആദ്യമായി ഒരുമിച്ച് ബാറ്റ് ചെയ്തപ്പോൾ തന്നെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു; നീ ഒരിക്കലും വലിയ കാര്യങ്ങൾക്ക് പിന്നാലെ ഓടുകയായിരുന്നില്ല, മറിച്ച് ടീമിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറായതുകൊണ്ടാണ് നല്ല നിമിഷങ്ങൾ നിന്നെത്തേടി എത്തിയത്. ഓസ്‌ട്രേലിയയിൽ നീ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നിലും ഈയൊരു സവിശേഷതയുണ്ട്. ആക്രമണസ്വഭാവത്തിന്റെ എതിരല്ല ശാന്തതയെന്ന് നീ തെളിയിച്ചു. ഒരു ടീമിന് ധൈര്യത്തോടെ കളിക്കാനുള്ള ആത്മവിശ്വാസം നൽകുന്നത് പലപ്പോഴും ഈ ശാന്തതയാണ്. മികച്ച കരിയറിന് അഭിനന്ദനങ്ങൾ. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.'- ക്രിക്കറ്റ് ഇതിഹാസം കുറിച്ചു.
മുംബയ് ആഭ്യന്തര ടീമിലും ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനായും സച്ചിനും രഹാനെയും സഹതാരങ്ങളായി കളിച്ചിട്ടുണ്ട്. 2013 മാർച്ച് 22ന് ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്തിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രഹാനെയുടെ ടെസ്റ്റ് അരങ്ങേറ്റം. ആ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ കൂടെയുണ്ടായിരുന്നുവെന്നത് രഹാനെയുടെ കരിയറിലെ ഏറ്റവും സവിശേത നിറഞ്ഞ ഓർമ്മയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റെക്കാഡാണ് രഹാനെയ്ക്കുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 85 മത്സരങ്ങളിൽ നിന്നായി 38.46 ശരാശരിയിൽ 12 സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 5,077 റൺസ് താരം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 90 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 35.26 ശരാശരിയിൽ 3 സെഞ്ച്വറികളും 24 അർദ്ധസെഞ്ച്വറികളും സഹിതം 2,962 റൺസും സ്വന്തമാക്കി. കൂടാതെ, 20 ട്വന്റി- 20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 375 റൺസും രഹാനെയുടെ പേരിലുണ്ട്. ടെസ്റ്റിൽ ഇന്ത്യയെ നയിച്ചപ്പോൾ തോൽവി അറിയാത്ത ക്യാപ്ടനായിരുന്നു രഹാനെ (4 വിജയം, 2 സമനില). കുറഞ്ഞത് 5 ടെസ്റ്റ് മത്സരങ്ങളിലെങ്കിലും ഇന്ത്യൻ ടീമിനെ നയിച്ചവരിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം രഹാനെയ്ക്കാണ്.
: Legendary cricketer Sachin Tendulkar has extended warm wishes to veteran Indian batter Ajinkya Rahane following his retirement from international cricket. Praising Rahane's composure and resilience, Tendulkar noted that his calm demeanor often provides a team with the confidence to play fearlessly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |