SignIn
Kerala Kaumudi Online
Sunday, 31 May 2026 3.06 AM IST

സൂര്യകുമാർ യാദവിനെ മാറ്റാൻ നീക്കം,​ ശ്രേയസ് അയ്യർ ഇന്ത്യയുടെ പുതിയ ട്വന്റി-20 നായകൻ ആകാൻ സാദ്ധ്യത

READ ENGLISH VERSION
surya-shreyas

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ സെലക്ടർമാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ മുന്നിൽ കണ്ടാണ് ബിസിസിയുടെ നീക്കം. സൂര്യകുമാറിന്റെ സമീപകാലത്തെ മോശം ഫോമാണ് സെലക്ടർമാരെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്.

 2024 ജൂലായിൽ ക്യാപ്ടനായി ചുമതലയേറ്റ ശേഷം ബാറ്റിംഗിൽ സൂര്യകുമാർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ 45 മത്സരങ്ങളിൽ നിന്ന് വെറും 932 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യ നേടിയെങ്കിലും, ടൂർണമെന്റിലുടനീളം ഫോം കണ്ടെത്താൻ താരം വിഷമിച്ചിരുന്നു. ആകെ നേടിയ 242 റൺസിൽ 84 റൺസും ദുർബലരായ യുഎസ്എയ്ക്ക് എതിരെയായിരുന്നു. 2028ലെ ട്വന്റി-20 ലോകകപ്പും ലോസ് ആഞ്ചലസ് ഒളിമ്പിക്സും ലക്ഷ്യമിട്ട് പുതിയ യുവനിരയെ വാർത്തെടുക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സൂര്യകുമാറിന് പകരം ദീർഘകാലാടിസ്ഥാനത്തിൽ ഒരു നായകനെയാണ് സെലക്ടർമാർ തേടുന്നത്.

അതേസമയം,​ സൂര്യകുമാറിന്റെ മോശം ഫോമിന് പിന്നിൽ കൈത്തണ്ടയിലെ പരിക്കാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ അദ്ദേഹം കടുത്ത വേദനയോടെയാണ് മൈതാനത്ത് ഇറങ്ങിയിരുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ടീം ഡോക്ടറുടെ സഹായത്തോടെ കൈത്തണ്ടയിൽ കനത്ത ടേപ്പുകൾ ഒട്ടിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇത് സാധാരണ തേയ്മാനം മാത്രമെന്നാണ് കോച്ചിംഗ് സ്റ്റാഫിന്റെ ഔദ്യോഗിക വിശദീകരണം.

മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകൾ ക്യാപ്‌ടൻസി പരിഗണനയിലുണ്ടെങ്കിലും ഐപിഎല്ലിലെ മികച്ച ക്യാപ്ടൻസി റെക്കാഡാണ് ശ്രേയസ് അയ്യർക്ക് മുൻതൂക്കം നൽകുന്നത്. വിവിധ ഫ്രാഞ്ചൈസികളെ വിജയകരമായി നയിച്ച അയ്യർക്ക് കീഴിൽ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് സെലക്ടർമാർ പ്രതീക്ഷിക്കുന്നത്.

നായകനെന്ന നിലയിൽ ഏഷ്യാ കപ്പും (2025) ട്വന്റി-20 ലോകകപ്പും (2026) ഇന്ത്യക്ക് സമ്മാനിച്ച സൂര്യകുമാറിന് 76.92 എന്ന മികച്ച വിജയശതമാനവുമുണ്ട്. എന്നാൽ, ബാറ്റിംഗിലെ ഫോമില്ലായ്മയും പരിക്കിനെക്കുറിച്ചുള്ള ആശങ്കകളും താരത്തിന്റെ കരിയറിന് വെല്ലുവിളിയാവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, SHREYAS, SURYAKUMARYADAV, BCCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360