SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.12 AM IST

വീര്യം വിടാത്ത മെലാനിക്ക് ഡേവിഡ് ഡിക്സൺ അവാർഡ്

melanie-woods

ഗ്ളാസ്ഗോ : തളരാത്ത പോരാട്ടവീര്യവുമായി രണ്ട് സ്വർണമെഡലുകൾ നേടിയ സ്കോട്ടിഷ് പാരാ അത്‌ലറ്റ് മെലാനി വുഡ്സ് ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ഡേവിഡ് ഡിക്സൺ അവാർഡ് സ്വന്തമാക്കി. മെലാനി പാരാ അത്‌ലറ്റിക്സിൽ ടി 54 വിഭാഗത്തിൽ 1500 മീറ്ററിലും 400 മീറ്ററിലുമാണ് സ്വർണം നേടിയത്. നേടിയ സ്വർണങ്ങളുടെ എണ്ണം മാത്രമല്ല അതിനായി അതിജീവിച്ച വെല്ലുവിളികളും സ്പോർട്സ്മാൻ സ്പിരിറ്റുമാണ് മെലാനിയെ വിഖ്യാതമായ പുരസ്കാരത്തിന് അർഹയാക്കിയത്.

1500 മീറ്ററിൽ തന്റേതല്ലാത്ത പിഴവിന്റെ പേരിൽ രണ്ട് തവണ മത്സരിക്കേണ്ടിവന്നിട്ടും ഒരെതിർപ്പും കൂടാതെ ട്രാക്കിലിറങ്ങിയതും രണ്ട് വട്ടവും റെക്കാഡ് വേഗത്തിൽ ഒന്നാമതെത്തിയതുമാണ് മെലാനിയെ വേറിട്ടുനിറുത്തിയത്. ആദ്യ വട്ടം 1500 മീറ്റർ റേസിൽ 3 മിനിട്ട് 33.39 സെക്കൻഡിലാണ് മെലാനി ഫിനിഷ് ചെയ്തിരുന്നത്. എന്നാൽ ഈ മത്സരത്തിന്റെ ആദ്യ ലാപ്പിനിടെ വീൽചെയറുകൾ കൂട്ടിയിടിച്ച് പലർക്കും ഫിനിഷ് ചെയ്യാനായില്ല. മെലാനി കൂട്ടിയിടിയിൽ പെടാതെയാണ് ഫിനിഷ് ചെയ്തത്. പക്ഷേ കൂട്ടിയിടിയിൽപ്പെട്ട താരങ്ങൾ പരാതി ഉയർത്തിയപ്പോൾ സംഘാടകർ ചരിത്രത്തിലാദ്യമായി ആ മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചു. സ്വർണം നേടിയ മെലാനിക്ക് ഇതിനെതിരെ പരാതിപ്പെടാമായിരുന്നു. എന്നാൽ തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ വീണ്ടും മത്സരിക്കാൻ മെലാനി തയ്യാറാവുകയായിരുന്നു. തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടി രണ്ട് ദിവസത്തിനകം വീണ്ടും അതേ മത്സരത്തിനായി ഇറങ്ങിയ മെലാനി ആദ്യത്തേതിനേക്കാൾ കുറഞ്ഞ സമയത്ത് ( 3 മിനിട്ട് 32.20 സെക്കൻഡിൽ) ഫിനിഷ് ചെയ്ത് സ്വർണം നേടി.

അങ്ങനെ തനിക്ക് അർഹതപ്പെട്ട സ്വർണത്തിന് രണ്ട് വട്ടം മത്സരിക്കേണ്ടിവന്ന താരം ഒന്നരമണിക്കൂറിന് ശേഷം 400 മീറ്ററിന്റെ യോഗ്യതാ റൗണ്ടിലും മത്സരിക്കാനിറങ്ങി. പിറ്റേന്ന് 400 മീറ്ററിലെ സ്വർണവും മെലാനിയെത്തേടിയെത്തി. ഈ പ്രകടനമാണ് ഗെയിംസിലെ അസാധാരണ താരമാക്കി മെലാനിയെ മാറ്റിയത്.

സ്കൂളിൽ കായികാദ്ധ്യാപികയായിരുന്ന മെലാനിക്ക് 2018ൽ താൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തി ലാണ് നട്ടെല്ലിന് പരിക്കേറ്റത്. അരയ്ക്ക് താഴേക്ക് തളർന്നതിനെ തുടർന്ന് ജീവിതം വീൽചെയറിലായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പാരാ അത്‌ലറ്റിക്സ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോഴാണ് തനിക്കും മത്സരിക്കണമെന്ന മോഹമുദിച്ചത്. 2021ൽ ടോക്യോയിൽ നടന്ന പാരാലിമ്പിക്സിൽ മത്സരിക്കാനിറങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800,1500 മീറ്ററുകളിൽ വെങ്കലം നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MELANIE WOODS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360