
ന്യൂഡൽഹി: ലൈംഗികാരോപണ പരാതിയെത്തുടർന്ന് കോൺഗ്രസ് ലോക്സഭാ എം.പിയായ പ്രൊഫസർ അംഗോഞ്ച ബിമോൾ അകോയിജാമിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. 11 വിദ്യാർത്ഥിനികളുടെ പരാതിയിൽ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.
ജെ.എൻ.യു സ്കൂൾ ഒഫ് സോഷ്യൽ സയൻസസിലെ അദ്ധ്യാപകനായിരുന്ന അകോയിജാമിനെതിരെ മേയിലാണ് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് പരാതി നൽകിയത്. സംസാരത്തിലും ഇടപെടലുകളിലും മോശമായ പെരുമാറ്റമുണ്ടായെന്ന് പരാതിയിൽ പറയുന്നു. തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് പരീക്ഷയ്ക്ക് മാർക്കു നൽകാത്തത് ഒരു വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി. ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അടിയന്തരമായി നടപടിയെടുക്കാൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നു.
മണിപ്പൂരിലെ മെയ്തി സമുദായത്തിൽപ്പെട്ട അംഗോഞ്ച ബിമോൾ അകോയിജാം സിനിമാ മേഖലയിലും പ്രവർത്തിച്ചിരുന്നു. മണിപ്പൂരിലെ വംശീയ കലാപത്തിൽ ബി.ജെ.പിയെ നിരന്തരമായി വിമർശിച്ചിരുന്ന ഇദ്ദേഹം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,09,801 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |