SignIn
Kerala Kaumudi Online
Thursday, 20 August 2026 10.38 AM IST

ഹോക്കി ലോകകപ്പ്: പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ

READ ENGLISH VERSION
s

ആംസ്റ്റൽവീൽ: പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഡിയിലെ ഗോൾ മഴ പെയ്ത ജിവൻ മരണ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 5-3ന് കീഴടക്കി ഇന്ത്യ രണ്ടാം റൗണ്ടിൽ എത്തി. ആകെ 8 ഗോളുകളാണ് മത്സരത്തിൽ പിറന്നത്. ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അടുത്ത റൗണ്ടിൽ എത്തിയത്. രണ്ട് വിജയങ്ങൾ നേടിയ ഇന്ത്യയ്ക്ക് 6 പോയിന്റാണുള്ളത്.

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കായിക്യാപ്ടൻ ഹർമ്മൻപ്രീത് സിംഗും അഭിഷേകും രണ്ട് ഗോളുകൾ വീതം നേടി. ഹാർദിക് സിംഗ് ഒരുഗോളടിച്ചു. പാകിസ്ഥാനായി ഹന്നാൻ ഷാഹിദ് ഇരട്ടഗോളുകൾ നേടിയപ്പോൾ സുഫ്യാൻ ഖാൻ ഒരു ഗോളടിച്ചു.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ 3-0ത്തിന്റെ ലീഡ് നേടി പാകിസ്ഥാനെ ‌ഞെട്ടിച്ചു. അഞ്ചാംമിനിട്ടിൽ ഹർമ്മൻപ്രീതാണ് ആദ്യഗോളടിച്ചത്. 11-ാം മിനിട്ടിൽ അഭിഷേകും ലക്ഷ്യം കണ്ടു. 21-ാം മിനിട്ടിൽ ഹർമ്മൻപ്രീത് തന്റെ രണ്ടാമത്തേയും ടീമിന്റെ മൂന്നാമത്തേയും ഗോൾ കുറിച്ചു.

ഇതോടെ ഉണർന്നുകളിച്ച പാക് ടീം 22-ാം മിനിട്ടിൽ ഹന്നാൻ ഷാഹിദിലൂടെ ഒരുഗോൾ മടക്കി. എന്നാൽ രണ്ട് മിനിറ്റിനകം മനോഹരമായ ഫീൽഡ് ഗോളിലൂടെ അഭിഷേക് ഇന്ത്യയ്ക്ക് 4-1ന്റെ ലീഡ് സമ്മാനിച്ചു. തൊട്ടുപിന്നാലെ പെനാൽറ്റി കോർണറിൽ നിന്ന് സഫ്യാൻ പാകിസ്ഥാനായി ലക്ഷ്യം കണ്ടു. മൂന്നാം ക്വാർട്ടറിൽ പാക് ബോക്സിനുള്ളിൽ ആദിത്യ അർജുൻ ലാലേഗെയെ ഫൗൾ ചെയ്തതിന് ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി സ്ട്രോക്ക് ലഭിച്ചു. 35-ാം മിനിറ്റിൽ ലഭിച്ച ഈ അവസരം വൈസ് ക്യാപ്ൻ ഹാർദിക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയുടെ ലീഡ് 5-2 ആക്കി ഉയർത്തി.

നാലാം ക്വാർട്ടറിന്റെ ആദ്യ മിനിറ്റിൽ തന്നെ ഹന്നാൻ ഷാഹിദ് വീണ്ടും പാകിസ്താനായി ഗോൾ നേടി (5-3) പോരാട്ടം കടുപ്പിച്ചു. ആദിത്യ അർജുന് മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് അവസാന 5 മിനിട്ടിൽ ഇന്ത്യ 10 പേരായി ചുരുങ്ങി. എങ്കിലും പതറാതെ പൊരുതിയ ഇന്ത്യൻ പ്രതിരോധനിര പാക് ആക്രമണങ്ങളെ നിർവീര്യമാക്കി. മറ്രൊരു മത്സരത്തിൽ ഇംഗ്ലണ്ട് 8-2ന് വെയ്ൽസിനെ കീഴടക്കി.

വനിതകൾ ഇംഗ്ലണ്ടിനെതിരെ

വനിതാ ഹോക്കി ലോകകപ്പിൽ അടുത്ത റൗണ്ട് ലക്ഷ്യമിട്ട് പൂൾ ഡിയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന ഈ മത്സരം സമനിലയാണെങ്കിൽ പോലും ഇന്ത്യയ്ക്ക് നേരിട്ട് അടുത്ത റൗണ്ടിൽ എത്താം.

ലൈവ്

സ്റ്റാർസ്പോർട്സ് ചാനലുകൾ,​ ഡിഡി സ്പോർട്സ്,​ ജിയോ ഹോട്ട്സ്റ്റാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REPORTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360