SignIn
Kerala Kaumudi Online
Saturday, 26 September 2026 1.33 PM IST

കൂടുമാറ്റങ്ങൾ തകൃതി

club-transfer

യൂറോപ്യൻ ഫുട്ബാളിൽ പുതിയ സീസൺ തുടങ്ങാനുള്ള മുന്നൊരുക്കങ്ങളിലാണ് ക്ളബുകൾ. മറ്റ് ക്ളബുകളിൽ നിന്ന് താരങ്ങളെ സ്വന്തമാക്കുന്ന തിരക്ക് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആഴ്സനലും ബാഴ്സലോണയുമടക്കമുള്ള പ്രമുഖ ക്ളബുകൾ പുതിയ സൈനിംഗ് നടത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുമാറാനുള്ള ശ്രമംനടത്തുന്നതായ റിപ്പോർട്ടുകളുമുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രധാന താരങ്ങളുടെ ക്ളബ് മാറ്റങ്ങൾ ഇങ്ങനെയാണ്...

ഗബ്രിയേൽ ജീസസ്

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആഴ്സനലിലേക്ക്

അഞ്ചുവർഷത്തെ മാഞ്ചസ്റ്റർ സിറ്റി വാസം കഴിഞ്ഞാണ് ബ്രസീലിയൻ താരമായ ജീസസ് ആഴ്സനലിലെത്തുന്നത്. 54 ദശലക്ഷം ഡോളറാണ് 25കാരനായ ജീസസുമായുള്ള ദീർഘകാല കരാറിനായി ആഴ്സനൽ മുടക്കിയിരിക്കുന്നത്. 2017ൽ മാഞ്ചസ്റ്ററിലെത്തിയ ജീസസ് 236 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ നേടിയിട്ടുണ്ട്. ക്ളബ് വിട്ടുപോയ ഒൗബമയാംഗിനും ലക്കാസറ്റെയ്ക്കും പകരക്കാരനായാണ് ജീസസിനെ ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റ എത്തിച്ചിരിക്കുന്നത്. ആർട്ടേറ്റ മുമ്പ് മാഞ്ചസ്റ്റർ സിറ്റി സഹ പരിശീലകനായിരുന്നപ്പോൾ മുതൽ ബ്രസീലിയൻ താരവുമായി നല്ല സൗഹൃദത്തിലായിരുന്നു.

ക്രിസ്റ്റ്യൻ എറിക്സൺ

ബ്രെന്റ്ഫോഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

കഴിഞ്ഞ യൂറോകപ്പിനിടെ ഹൃദയാഘാതമുണ്ടായ ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന ക്രിസ്റ്റ്യൻ എറിക്സൺ മൂന്ന് വർഷത്തെ കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്താനൊരുങ്ങുന്നത്. രോഗമുക്തനായശേഷം ബ്രെന്റ് ഫോർഡുമായുണ്ടായിരുന്നു താത്കാലിക കരാർ അവസാനിച്ച 30കാരനായ എറിക്സൺ ഫ്രീ ഏജന്റായാണ് യുണൈറ്റഡിലേക്ക് എത്തുന്നത്. ടോട്ടൻഹാമിന്റെ താരമായിരുന്ന എറിക്സൺ അവിടെ നിന്ന് ഇന്റർ മിലാനിലെത്തിശേഷമാണ് ഹൃദയാഘാതമുണ്ടായത്. തുടർന്നാണ് ഇംഗ്ളീഷ് ക്ളബ് ബ്രെന്റ് ഫോർഡിലേക്ക് പോയിരുന്നത്.

ഫ്രാങ്ക് കെസ്സീ

എ.സി മിലാനിൽ നിന്ന് ബാഴ്സലോണയിലേക്ക്

മിഡ്ഫീൽഡറായ കെസ്സീ നാലുവർഷത്തെ കരാറിലാണ് ബാഴ്സയിലെത്തുന്നത്.ഐവറി കോസ്റ്റുകാരനായ കെസ്സീയും എ.സി മിലാനും തമ്മിലുള്ള കരാർ അവസാനിച്ചിരുന്നു. 200ലേറെ മത്സരങ്ങൾ മിലാനുവേണ്ടി കളിച്ചിട്ടുണ്ട്. 54ലക്ഷം ഡോളറാണ് പ്രതിവർഷ ശമ്പളമായി ബാഴ്സ സമ്മതിച്ചിരിക്കുന്നത്.

പാളീന്യ

സ്പോർട്ടിംഗിൽ നിന്ന് ഫുൾഹാമിലേക്ക്

പോർച്ചുഗീസ് താരമായ പാളീന്യ ഇംഗ്ളീഷ് ക്ളബ് ഫുൾഹാമിന്റെ ഈ സമ്മറിലെ ആദ്യ സൈനിംഗാണ് .26 കാരനായ സ്പോർട്ടിംഗ് ലിസ്ബൺ താരവുമായി അഞ്ചുവർഷത്തെ കരാറിലാണ് ഫുൾഹാം ഒപ്പിട്ടിരിക്കുന്നത്.

പരിശീലനത്തിന് വരാതെ ക്രിസ്റ്റ്യാനോ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ക്ളബിന്റെ പരിശീലനത്തിന് എത്താതെ താരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതിരുന്നതോടെയാണ് താരം ക്ളബ് വി‌ടാൻ ആഗ്രഹമറിയിച്ചത്. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡ് താരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലാണ് റൊണാൾഡോ പരിശീലനക്യാമ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നക്തെന്നാണ് ഒൗദ്യോഗിക ഭാഷ്യമെങ്കിലും റൊണാൾഡോ ടീം വിടുമെന്നതിനുള്ള ഏറ്റവും വലിയ സൂചനയാണിതെന്നാണ് ആരാധകർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CLUB TRANSFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360