കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമസ്ഥർ. യു.എ.ഇ ആസ്ഥാനമായ സ്‌പോർട്സ്, സ്‌പോർട്സ്‌ടെക് സംരംഭമായ അൽ ഫുർസാൻ ആണ് മാഗ്നം ഗ്രൂപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത്. ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. എട്ട് മാസത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കുക. 2026-27 സീസണിന്റെ അവസാനത്തോടെ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ക്ലബ്ബിന്റെ ചരിത്രത്തിലെ പ്രധാന ഘട്ടമാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അഭിക് ചാറ്റർജി പ്രതികരിച്ചു. മുൻ ഉടമകൾ, താരങ്ങൾ, പരിശീലകർ, ജീവനക്കാർ, ആരാധകർ എന്നിവരുടെ സംഭാവനകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പുതിയ സീസണിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. താരങ്ങളെയും പരിശീലക സംഘത്തെയും സംബന്ധിച്ച പ്രാഥമിക പട്ടിക തയ്യാറാക്കിയതായും പുതിയ സൈനിംഗുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും അൽ ഫുർസാൻ അറിയിച്ചു.
ആഷ്ലി വെസ്റ്റ്‌വുഡ് തന്നെ 2026-27 സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും. മഹാബലിപുരത്തെ എഫ്.സി മദ്രാസ് ഫെസിലിറ്റി ബുധനാഴ്ച പ്രീസീസൺ പരിശീലനം ആരംഭിക്കും. പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ ഫുട്‌ബോൾ വിഭാഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് വിഭവങ്ങളും ഒരുക്കുന്നതിനാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ നൽകുന്നതെന്ന് അൽ ഫുർസാൻ വ്യക്തമാക്കി.
Kerala Blasters FC gets new owners. UAE-based sports and sportstech venture Al Fursan, led by Sheikh Ahmed bin Faisal Al Qasimi, is acquiring 100% ownership of Kerala Blasters from the Magnum Group.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |