SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.43 AM IST

ദണ്ഡ വൈബ് !

asian-games

ഷൂട്ടിംഗിലെ വനിതാ ട്രാപ്പ് ഇവന്റിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരു ധൻദ

നഗോയ : ഇന്നലെ നഗോയയിലെ ഷൂട്ടിംഗ് റേഞ്ചിൽ നീരു ദണ്ഡയെ തേടിയെത്തിയത് ഇരട്ടത്തിളക്കമാണ്. ടീമിനത്തിൽ ആഷിമ അഹ്‌ലാവത്ത്, മനീഷ് കീർ എന്നിവർക്കൊപ്പം വെള്ളി നേടിയതിന് പിന്നാലെയാണ് നീരു വ്യക്തിഗത ഫൈനലിൽ സ്വർണത്തിലേക്ക് കുതിച്ചത്. 1978ൽ രൺധീർ സിംഗിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്നത്.

ഏഷ്യൻ റെക്കാഡ് തകർത്താണ് 26കാരിയായ നീരുവിന്റെ സ്വർണം. ആറ് സിരീസ് നീണ്ട പോരാട്ടത്തിൽ നീരു 28 പോയിന്റുകൾ നേടി. തായ്‌പേയ് താരം വാൻ യു ലിയു ഈ വർഷം കുറിച്ചിരുന്ന 24 പോയിന്റിന്റെ റെക്കാഡാണ് നീരു തിരുത്തിയെഴുതിയത്. 26 പോയിന്റുമായി ചൈനീസ് താരം യുനോംഗ് സൺ രണ്ടാമതെത്തി. ടീമിനത്തിൽ ചൈനയാണ് സ്വർണം നേടിയത്. അഞ്ച് സിരീസുകളിൽ നിന്ന് ചൈനീസ് താരങ്ങൾ ചേർന്ന് 346 പോയിന്റ് നേടിയപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് 328 പോയിന്റിലെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യൻ സംഘത്തിൽ നിന്ന് നീരു മാത്രമാണ് വ്യക്തിഗത ഫൈനലിലേക്ക് കടന്നത്.

ഹരിയാനയിലെ ജിൻഡിലാണ് ജനിച്ചതെങ്കിലും മദ്ധ്യപ്രദേശിലാണ് നീരു വളർന്നത്. ചെറുപ്പത്തിൽതന്നെ തോക്കെടുക്കാൻ ഭാഗ്യം ലഭിച്ച കുട്ടിയാണ് നീരു. വീട്ടിലുള്ള ഡബിൾ ബാരൽ തോക്കുകൊണ്ട് കാലി ടിന്നുകൾ നിരത്തി വച്ച് വെടിവയ്ക്കുകയായിരുന്നു ശീലം. അമ്മയുടെ ബന്ധുവായ ലക്ഷയ് ഷിയോറെൻ 2018 ഏഷ്യൻ ഗെയിംസിൽ പുരുഷ ട്രാപ്പ് ടീം ഇവന്റിൽ വെള്ളി നേടിയതോടെയാണ് നീരുവും ഷൂട്ടിംഗിനെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. തുടർന്ന് ലക്ഷയ്ക്കൊപ്പം മദ്ധ്യപ്രദേശ് ഷൂട്ടിംഗ് അക്കാഡമിയിൽ പരിശീലനം. 2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിൽ സ്വർണം നേടിയതോടെയാണ് നീരു ശ്രദ്ധിക്കപ്പെട്ടത്. ആ വർഷം ക്രൊയേഷ്യയിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തെങ്കിലും 29-ാം സ്ഥാനത്തായി. കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും സ്വർണം നേടി.

ഈ വർഷം ഇറ്റലിയിൽ നടന്ന ലോകകപ്പിൽ സ്വർണം നേടിയ നീരു ട്രാപ്പ് ഇവന്റിൽ ലോകകപ്പ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കാഡും സ്വന്തമാക്കി.

കരസേനയിൽ ആദ്യമായി റിക്രൂട്ട്മെന്റ് ലഭിച്ച വനിതകളിൽ ഒരാളായ നീരു ഇപ്പോൾ നായ്‌ക് സുബേദാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360