
കൊച്ചി: ഐ.എസ്.എൽ ക്ളബ് കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള ആഗോള കമ്പനിയായ അൽഫുർസാൻ ക്ലബ് സ്വന്തമാക്കി. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോർട്‌സ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിച്ചു. ഏകദേശം 150 കോടി രൂപയാണ് ക്ലബിന്റെ മൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.
പാലക്കാട് സ്വദേശികളായ തമീം അൻവറും ശരത്ത് കുനിയിലും നേതൃത്വം നൽകുന്ന ഒഫിയോ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. എട്ടു മാസത്തികം ഏറ്റെടുക്കൽ പൂർത്തിയാകും.നേരത്തെ സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സി ഉടമകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന തുക കാരണം പിന്മാറുകയായിരുന്നു. തുടർച്ചയായ സാമ്പത്തിക നഷ്ടവും ബ്രോഡ്കാസ്റ്റിംഗ്, പരസ്യ വരുമാനത്തിലുണ്ടായ ഇടിവുമാണ് ക്ലബ് വിൽക്കാൻ മാഗ്‌നം സ്‌പോർട്‌സിനെ പ്രേരിപ്പിച്ചത്. 2014ൽ സച്ചിൻ തെൻഡുൽക്കർ, പ്രസാദ് പൊട്ട്‌ലൂരി എന്നിവരുടെ ഉടമസ്ഥതയിൽ രൂപീകരിച്ച ക്ലബിന്റെ 80 ശതമാനം ഓഹരികൾ 2016ൽ ചിരഞ്ജീവി, നാഗാർജുന തുടങ്ങിയവരടങ്ങുന്ന കൺസോഷ്യം വാങ്ങിയിരുന്നു. 2018ൽ സച്ചിൻ പൂർണമായും ക്ലബ് വിട്ടു. 2021ലാണ് ഉടമസ്ഥാവകാശം മാഗ്‌നം സ്‌പോർട്‌സ് എന്ന പേരിലേക്ക് മാറിയത്.
വിദേശ നിക്ഷേപം എത്തുന്നതോടെ ക്ലബിന്റെ സാമ്പത്തിക ഭദ്രത വർദ്ധിക്കുന്നതിനൊപ്പം വമ്പൻ താരങ്ങളും ടീമിലെത്തിയേക്കും. കൈമാറ്റം ഔദ്യോഗികമായതോടെ ഐ.എസ്.എൽ 13-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നീട്ടില്ല. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെ റാഞ്ചിയിലാണ് ആദ്യ പോരാട്ടം. ആഷ്‌ലി വുഡ് തന്നെയാണ് മുഖ്യ പരിശീലകൻ.നായകൻ അഡ്രിയാൻ ലൂണയും തുടരും.
അഞ്ച് ഹോംമാച്ചുകൾ
ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്ക് ഒക്ടോബർ 25ന് തുടക്കമാകും. മുംബയ് സിറ്റി എഫ്.സിക്കെതിരെയാണ് കൊച്ചിയിലെ ആദ്യ മത്സരം. ഡിസംബർ 6ന് ചർച്ചിൽ ബ്രദേഴ്‌സ്, 10ന് ഡൽഹി സ്‌പോർട്ടിംഗ് ക്ലബ്, 14ന് പഞ്ചാബ് എഫ്.സി എന്നിവരെ ബ്ലാസ്റ്റേഴ്സ് കൊച്ചയിൽ നേരിടും. ജനുവരി 16ന് ഈസ്റ്റ് ബംഗാളിനെതിരെയുള്ള പോരാട്ടവും കൊച്ചിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |