
അത്‌ലറ്റിക്സിന്റെ അവസാനദിവസം സ്വർണവുമായി ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്നലെ രണ്ട് സ്വർണം,ഒരു വെള്ളി, നാലുവെങ്കലങ്ങൾ
സ്വർണം നേടിയത് 4-400 മീറ്റർ വനിതാ റിലേ ടീമും ട്രാപ്പ് ഷൂട്ടിംഗ് താരം നീരു ദണ്ഡയും
മലയാളി താരം മനു ടി.എസ് ഉൾപ്പെട്ട റിലേ ടീമിന് വെങ്കലം, മനുവിന്റെ രണ്ടാം മെഡൽ
6 സ്വർണവും 21 വെള്ളിയും 25 വെങ്കലവും ഉൾപ്പടെ 52 മെഡലുകളുമായി ഇന്ത്യ 10-ാ സ്ഥാനത്ത്
നഗോയ: ഈ ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ ഒരു സ്വർണം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീണ്ടത് ട്രാക്കിലെ അവസാന മത്സരദിവസത്തെ അവസാന ഇവന്റിന് തൊട്ടുമുമ്പ്. 1994ന് ശേഷം അത്‌ലറ്റിക്സിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണം കിട്ടാത്ത ഏഷ്യൻ ഗെയിംസാകുമോ ഇതെന്ന് സങ്കടപ്പെട്ടവർക്ക് മുന്നിലേക്കാണ് 4-400 മീറ്റർ വനിതാ റിലേയിൽ നഗോയയിലെ ട്രാക്കിൽ മഴത്തുള്ളികൾ ചിതറിത്തെറുപ്പിച്ച് ബാറ്റണുമായി വിദ്യ രാംരാജ് ഫിനിഷിംഗ് ലൈൻ കടന്നത്. ഗാലറിയിലെ ഇന്ത്യൻ സംഘം ആവേശംകൊണ്ട് തുള്ളിച്ചാടിയപ്പോൾ ട്രാക്കിനരികിൽ കാത്തുനിൽക്കുകയായിരുന്ന റിലേ ടീമിലെ സഹതാരങ്ങൾ ഓടിയെത്തി പരസ്പരം വാരിപ്പുണർന്നു.
3 മിനിട്ട് 29.69 സെക്കൻഡിൽ ഓടിയെത്തിയാണ് ഇന്ത്യ സ്വർണത്തിലെത്തിയത്. ബഹ്റിനെയാണ് രണ്ടാമതേക്ക് പിന്തള്ളിയത്. ഈ ഗെയിംസിൽ അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണം മാത്രമല്ല ആകെയുള്ള സ്വർണവും ഇതായിരുന്നു. കിരൺ, പ്രാചി.പൂവമ്മ, വിദ്യ രാംരാജ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണറിലേ തീർത്തത്. വിദ്യയും പൂവമ്മയും മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിലും ഉണ്ടായിരുന്നു. വിദ്യയുടെ ഈ ഗെയിംസിലെ മൂന്നാം മെഡലായിരുന്നു ഇത്. കഴിഞ്ഞദിവസം വിദ്യ 400 മീറ്റർ ഹർഡിൽസിൽ പി.ടി ഉഷയുടെ റെക്കാഡ് തകർത്ത് വെങ്കലം നേടിയിരുന്നു.
5000 മീറ്ററിൽ വെങ്കലം നേടി ഗുൽവീർ സിംഗാണ് ഇന്നലെ ട്രാക്കിലെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. ഗുൽവീറിന്റേയും ഈ ഗെയിംസിലെ മൂന്നാം മെഡലായിരുന്നു ഇത്. നേരത്തേ 1500,10000 മീറ്ററുകളിൽ വെള്ളി നേടിയിരുന്ന ഗുൽവീർ ഇന്നലെ 13 മിനിട്ട് 32.75 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ബഹ്റൈനിന്റെ ബിർഹാനുവിനാണ് സ്വർണം.
വനിതകളുടെ ഹൈജമ്പിൽ 1.84 മീറ്റർ ക്ളിയർ ചെയ്താണ് പൂജ വെങ്കലം നേടിയത്. 1.90 ചാടിയ ഉസ്ബകിസ്ഥാൻ താരം സെയ്ഫുള്ളിയേവ സ്വർണത്തിലെത്തിയപ്പോൾ 1.87 മീറ്റർ ചാടിയ കസാഖിസ്ഥാന്റെ ക്രിസ്റ്റീന വെള്ളി നേടി. പുരുഷ പോൾവാട്ടിൽ ഇന്ത്യൻ താരം ദേവ് മീണ 5.50 മീറ്റർ ക്ളിയർ ചെയ്ത് ദേശീയ റെക്കാഡ് തിരുത്തിയെഴുതിയെങ്കിലും ഏഴാമതായാണ് ഫിനിഷ് ചെയ്തത്. പുരുഷ 800 മീറ്ററിൽ മത്സരിച്ച മലയാളിതാരം പി.അഫ്സൽ എട്ടാമതായി.
4-100 മീറ്റർ മിക്സഡ് റിലേയിൽ ഗുരീന്ദർ വീർ സിംഗ്, ഹരിത ഭദ്ര, അഭിനയ രംഗരാജൻ, അനിമേഷ് കുജൂർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം 41.06 സെക്കൻഡിലാണ് വെങ്കലത്തിലെത്തിയത്. ഹരിത ഭദ്ര കഴിഞ്ഞദിവസം 200 മീറ്ററിലും വെങ്കലം നേടിയിരുന്നു. മലയാളിയായ മനു.ടി.എസിനൊപ്പം വിശാൽ,ധരംവീർ ചൗധരി,രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ഇന്ത്യൻ 4-400 മീറ്റർ പുരുഷ റിലേടീമിന്റെ വെങ്കലത്തോടെയാണ് ഇത്തവണത്തെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തിരശീല വീണത്. 3 മിനിട്ട് 01.61 സെക്കൻഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജപ്പാൻ ഒന്നാമതും ഖത്തർ രണ്ടാമതുമെത്തി. മനു നേരത്തേ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു.
ഇന്ത്യ @ അത്‌ലറ്റിക്സ്
1 സ്വർണം
9 വെള്ളി
14 വെങ്കലം
24 മെഡലുകൾ
കേരളത്തിന് അത്‌ലറ്റിക്സിൽ നാലുമെഡലുകൾ. ലോംഗ്ജമ്പിൽ ശ്രീശങ്കറും ആൻസി സോജനും വെള്ളി നേടി.
മനു 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയും 4- 400 മീറ്റർ പുരുഷ റിലേയിൽ വെങ്കലവും നേടി.
2022 ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചത് 6 സ്വർണമെഡലുകൾ . അതിൽ മൂന്ന് താരങ്ങൾ ഇക്കുറിയും മത്സരിച്ചെങ്കിലും സ്വർണം നിലനിറുത്താനായില്ല.
2022ൽ അത്‌ലറ്റിക്സിൽ നിന്ന് ആറ് സ്വർണവും 14 വെള്ളിയും 9 വെങ്കലവുമടക്കം ലഭിച്ചത് 29 മെഡലുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |