SignIn
Kerala Kaumudi Online
Saturday, 26 September 2026 10.42 PM IST

പാകിസ്ഥാനിൽ പൊലീസ് ചെക്ക് പോസ്റ്റിൽ ചാവേർ ആക്രമണം; 12 മരണം, 35 പേർക്ക് പരിക്ക്

bomb-attack
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പൊലീസ് ചെക്ക് പോസ്റ്റിലുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മായിൽ ഖാനിലെ അമൻ മേല പൊലീസ് ചെക്ക് പോസ്റ്റിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.

സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ ചെക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒൻപത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് വിവരം. സ്‌ഫോടനത്തിൽ ചെക്ക് പോസ്റ്റിന് കനത്ത നാശനഷ്ടമുണ്ടായി. സമീപത്തെ ഒരു വീടും തകർന്നു. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദം ഏറെ ദൂരത്തേക്ക് കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പും ഉണ്ടായി.

pak-police
പാക് പൊലീസ്

പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി 25ലേറെ ജീവനക്കാരെയും ആറ് ആംബുലൻസുകളും ഒരു ഫയർഫോഴ്സ് വാഹനവും വിന്യസിച്ചു. ദേര ഇസ്മായിൽ ഖാനിൽനിന്ന് കൂടുതൽ ആംബുലൻസുകളും സ്ഥലത്തെത്തിച്ചു.

പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കനത്ത നിയന്ത്രണത്തിലാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളും തകർന്ന കെട്ടിടഭാഗങ്ങളും പരിശോധിച്ചുവരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.

English Summary

A suicide attack at an Aman Mela police checkpoint in Dera Ismail Khan, Khyber Pakhtunkhwa province, Pakistan, on Saturday killed 12 people and injured 35. An explosive-laden tractor rammed the checkpoint. Nine men, two women, and one child were among the dead. Tehreek-i-Taliban Pakistan (TTP) claimed responsibility for the deadly blast.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOMB BLAST, LATESTNEWS, PAKISTAN, BOMB ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360