പാരിസ്: ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ ജോലി ചെയ്യാൻ ചില രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫ്രഞ്ച് വിമാനകമ്പനിയായ എയർ ഫ്രാൻസ്. പൈലറ്റുമാർക്ക് മാത്രമല്ല ക്യാബിൻ ക്രൂകളും ഈ രാജ്യത്ത് നിന്നുള്ള ജീവനക്കാരാകാൻ പാടില്ല. 31ഓളം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഇത് ബാധിക്കും. പാകിസ്ഥാൻ, ഇറാൻ,സൗദി അറേബ്യ, അൾജീരിയ,ടുണീഷ്യ എന്നിങ്ങനെ നിരവധി മുസ്ളീം രാജ്യങ്ങളിലെ പൗരന്മാരായ ജീവനക്കാർക്കാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ ജോലി ചെയ്യാൻ കഴിയാതാകുക.
'മറ്റെല്ലാ വിമാനകമ്പനികളെയും പോലെ യാത്രക്കാരുടെയും ജീവനക്കാരുടെയും കാര്യത്തിൽ അതാത് രാജ്യങ്ങളിലെ പ്രവേശന ചട്ടങ്ങൾ പാലിക്കാൻ എയർ ഫ്രാൻസ് ബാദ്ധ്യസ്ഥമാണ്.'- അൽ ജസീറയോട് കമ്പനി അധികൃതർ വ്യക്തമാക്കി. നിബന്ധന ബാധിക്കപ്പെടുന്ന ജീവനക്കാരോട് പുതിയ നിർദ്ദേശത്തെക്കുറിച്ച് അറിയിച്ചതായും അവർ വ്യക്തമാക്കുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും കാര്യത്തിൽ ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരത്വമുള്ളവരോ ഇരട്ടപൗരത്വമുള്ളവരോ ആയവർ ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ പ്രവർത്തിക്കരുതെന്ന് ഒക്ടോബർ ഒന്നിന് ഇസ്രയേലി റോഡ് സുരക്ഷാ ഗതാഗത മന്ത്രാലയം എല്ലാ രാജ്യങ്ങളിലെയും വിമാനകമ്പനികളെ അറിയിച്ചിരുന്നു. ഇസ്രയേലി മാദ്ധ്യമമായ എൻ12 ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക് വിമാനകമ്പനി സ്മാർട് വിംഗ്സിനും ഈ നിർദ്ദേശം ലഭിച്ചെന്നാണ് വിവരം.
അതേസമയം ദേശീയതയുടെ അടിസ്ഥാനത്തിൽ ജീവനക്കാരോട് ജോലിയിൽ ഇങ്ങനെ ചെയ്യുന്നത് വിവേചനം കാട്ടുന്നതാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇത് ഫ്രഞ്ച് തൊഴിൽനിയമത്തിന്റെ ലംഘനമാണെന്നും അവർ കരുതുന്നു. പട്ടികയിലെ മിക്ക രാജ്യങ്ങളും അറബ് അഥവാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായതിനാൽ പരോക്ഷമായ വിവേചനത്തിന് ഇത് കാരണമാകുമെന്നാണ് വിവരം. എന്നാൽ അന്താരാഷ്ട്ര വ്യോമയാന നിയമം പരിശോധിച്ചാൽ രാജ്യങ്ങൾക്ക് സ്വന്തം വ്യോമാതിർത്തിയിൽ ഇക്കാര്യത്തിന് പരമാധികാരം ഉണ്ടെന്ന് മക്ഗിൽ സർവകലാശാല വ്യോമയാനനിയമ വിദഗ്ദ്ധൻ പ്രൊഫ. വിൻസെന്റ് കൊറിയ ചൂണ്ടിക്കാട്ടി.
സെപ്തംബർ 30ന് ദുബായിൽ നിന്നും ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള ഫ്ളൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ഇന്ത്യക്കാരനായ പൈലറ്റിനെ ആക്രമിക്കുകയും വിമാനം ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിടുകയും ചെയ്തത് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നിയന്ത്രണം കടുപ്പിച്ചത്.
Air France has agreed to comply with Israel’s new restrictions barring pilots and cabin crew from 31 countries from operating flights to Israel. The restrictions affect employees from countries including Pakistan, Iran, Saudi Arabia, Algeria and Tunisia, raising concerns over possible nationality-based discrimination under French employment law.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |