ന്യൂഡൽഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽനിന്ന് ദക്ഷിണകൊറിയവരെ നീളുന്ന കൂറ്റൻ മഴമേഘങ്ങളുടെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്. 7000 മുതൽ 10000 കിലോമീറ്റർവരെ മഴമേഘങ്ങൾക്ക് ദൈർഘ്യമുള്ളതായാണ് ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. 'മൺസൂൺ കൺവർജൻസ് സോൺ' എന്നാണ് ഈ അപൂർവ മേഘനിര അറിയപ്പെടുന്നത്.
2026 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായ ഘട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ സൂചനയാണ് മേഘവിന്യാസമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. മൺസൂൺ സജീവമായതോടെ രാജ്യത്തെ 12ലേറെ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പല മേഖലകളിലും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഈർപ്പമുള്ള കാറ്റ് ഏഷ്യൻ മേഖലയിലെ അന്തരീക്ഷ വ്യതിയാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് മൺസൂർ കർവർജൻസ് രൂപപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുള്ള ഈർപ്പമുള്ള കാറ്റുകൾ വടക്കോട്ട് നീങ്ങുകയും ചൂടുള്ള വായു ഉയർന്ന് തണുക്കുകയും ചെയ്യുന്നു. തത്ഭലമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
പല പ്രദേശങ്ങളിലും സാധാരണ ശരാശരിയെക്കാൾ അധികമായാണ് മഴ ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടിയിരുന്ന മൺസൂൺ മഴയെ അപേക്ഷിച്ച് 170 മുതൽ 180 ശതമാനംവരെ അധികം രേഖപ്പെടുത്തി. ഈ സീസണിൽ രാജ്യത്ത് ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. കാലാവസ്ഥാ വിദഗ്‌ദ്ധർ ഇതിനെ വമ്പൻ മൺസൂൺ എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സ്വാധീനം. അറബിക്കടൽ മുതൽ പടിഞ്ഞാറൻ പസഫിക് മേഖലവരെ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽനിന്ന് ഹിമാലയം കടന്ന് ചൈനയിലേക്കും കിഴക്കൻ ഏഷ്യയിലേക്കും നീളുന്ന മേഘപ്പട ഇതിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു. മൺസൂൺ ശക്തമായി തുടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ത്യയിലും ബന്ധപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
A 7,000–10,000 km monsoon cloud band stretching from India to South Korea signals an exceptionally active 2026 southwest monsoon. Heavy rain has lashed several Indian states, with more rainfall expected. Authorities have warned of possible floods, landslides and other weather-related disruptions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |