
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾ തങ്ങൾക്ക് 'ഓലപ്പാമ്പ് ' മാത്രമാണെന്നാണ് ഇറാൻ പറയുന്നത് . യു.എസ് എത്രത്തോളം ആക്രമിക്കുന്നോ അത്രത്തോളം ദുരിതം അനുഭവിക്കുക ഗൾഫ് രാജ്യങ്ങളാകുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളും പാലങ്ങളും യു.എസ് തകർത്തതോടെ യുദ്ധം തീവ്രമായിരിക്കുകയാണ്.
കുവൈറ്റിലെ ജലശുദ്ധീകരണ, വൈദ്യുതി കേന്ദ്രങ്ങളിൽ ഇറാൻ കനത്ത നാശം വിതച്ചു. ഇടക്കാല സമാധാന കരാർ തകർന്നതോടെ ഈ മാസം 12 മുതൽ മേഖലയിൽ ആക്രമണം തുടർക്കഥയാണ്. എന്നും പുലർച്ചെ തെക്കൻ ഇറാനിൽ മണിക്കൂറുകളോളം യു.എസ് ബോംബിംഗ്. പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം. യു.എസിന്റെ ഏറ്റവും കൂടുതൽ സൈനിക സന്നാഹങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ കുവൈറ്റാണ് ഇറാന്റെ പ്രധാന ഇര.
താത്കാലിക വെടിനിറുത്തലിന് ഗൾഫ് രാജ്യങ്ങൾ യു.എസിനും ഇറാനും മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും യുദ്ധത്തിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല. അടുത്തിടെ യു.എസിന്റെ മൂന്ന് സൈനികർ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ കണക്കിൽ മൂന്നല്ല ,നൂറോടടുത്താണ് മരണം. സൈനികരുടെ രക്തത്തിന് മറുപടി നൽകേണ്ടത് ട്രംപിന്റെ ആവശ്യമാണ്. ഇറാനിലെ പിക്ആക്സ് മൗണ്ടനെ ഉടൻ തകർക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.
ഇസ്ഫഹാൻ പ്രവിശ്യയിൽ സാഗ്രോസ് പർവത നിരകളിലുള്ള അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമാണ് പിക്ആക്‌സ് മൗണ്ടൻ. കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും യു.എസ് മേഖലയിലേക്ക് വിന്യസിച്ചുതുടങ്ങിയിട്ടുണ്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളെ മുഴുവൻ ഇല്ലാതാക്കിയെന്ന് നൂറുവെട്ടമെങ്കിലും ആവർത്തിച്ചിട്ടുള്ള ഇതേ ട്രംപാണ് ഇപ്പോൾ പിക്ആക്സ് മൗണ്ടന്റെ പേരിൽ ഭീഷണി മുഴക്കുന്നത് !
ഇറാന്റെ മിസൈൽ ശേഷി തുടച്ചുനീക്കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അപ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇരച്ചെത്തുന്ന മിസൈലുകളോ ? ഇറാനിൽ ഭരണമാറ്റം ഉണ്ടാകുമെന്നും പ്രാദേശിക ഗ്രൂപ്പുകൾക്ക് (ഹൂതി, ഹമാസ്, ഹിസ്ബുള്ള) ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കുമെന്നും പറഞ്ഞിട്ടും അതും നടന്നില്ല. യുദ്ധത്തിന് മുന്നേ ഹോർമുസ് കടലിടുക്ക് സ്വതന്ത്രവും സമാധാനപരവുമായിരുന്നു. ഇനി യുദ്ധം അവസാനിച്ചാലും ഹോർമുസ് പഴയപടിയാകില്ലെന്നും കപ്പലുകളിൽ നിന്ന് പണം ഈടാക്കുമെന്നും ഇറാൻ പറയുന്നു. ഹോർമുസിൽ പരമാധികാരം ഉറപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇറാൻ. തങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന കപ്പലുകളെ അവർ തുടർച്ചയായി ആക്രമിക്കുന്നത് അതിന് തെളിവാണ്.
പിക്ആക്‌സ് മൗണ്ടനിലേക്ക് യു.എസിന്റെ ബങ്കർ ബസ്റ്റർ ബോംബ് തുളച്ചുകയറിയാൽ അതിന്റെ പ്രതികാരം തീർച്ചയായും ഗൾഫ് രാജ്യങ്ങൾക്ക് നേരെയാകും ഇറാൻ തീർക്കുക. ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ അടക്കം ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ വീണ്ടും ലക്ഷ്യമിട്ടേക്കാം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കിയാണ് ഇറാനും യു.എസും തീക്കളി തുടരുന്നത്. യു.എസ് ഇനി എത്ര വലിയ ആക്രമണം ഇറാനിൽ നടത്തിയാലും അത് പുതിയ ഒരു സംഘർഷത്തിലേക്കാകും വഴിതുറക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |