SignIn
Kerala Kaumudi Online
Friday, 24 July 2026 8.47 AM IST

ചെങ്കടലിൽ കപ്പലുകൾ ആക്രമിച്ച് ഹൂതികൾ: തിരിച്ചടി ഇറാന് നൽകുമെന്ന് ട്രംപ്

d

റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിച്ച് യെമനിലെ ഹൂതി വിമതർ. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭീഷണി തുടരവേയാണ് സഖ്യ കക്ഷികളായ ഹൂതികൾ ചെങ്കടലിൽ പുതിയ പോർമുഖം തുറന്നത്. പ്രതിസന്ധിയിലൂടെ നീങ്ങുന്ന ആഗോള ഊർജ്ജ വിപണിക്ക് ഇതോടെ ഇരുട്ടടിയായി. ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 100 ഡോളറിലെത്തി. മേയ് 26ന് ശേഷം ആദ്യമായാണ് ഇത്രയും ഉയരുന്നത്.


തിങ്കളാഴ്ചയാണ് സൗദിക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഹൂതികൾ നടത്തിയ ആദ്യ ആക്രമണമാണിത്. എൻസീലിയ, ലൈല എന്നീ കപ്പലുകളാണ് ഇന്നലെ പുലർച്ചെ ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തുവച്ച് മിസൈൽ, ഡ്രോൺ ആക്രമണം നേരിട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

സൗദിയുടെ പത്തോളം വാണിജ്യക്കപ്പലുകൾ തങ്ങളെ ഭയന്ന് വഴിതിരിച്ചുവിട്ടെന്നും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ചൈനയുടെ രണ്ട് ഭീമൻ എണ്ണ ടാങ്കറുകൾ ബാബ് അൽ മന്ദബ് ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. അതേ സമയം, ഹൂതി ആക്രമണങ്ങൾക്ക് ഉത്തരവാദി ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആക്രമണങ്ങൾ തുടർന്നാൽ ഹൂതികൾക്കൊപ്പം ഇറാനും തിരിച്ചടി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

# 'സൗദി ഇസ്രയേലിനെ

അംഗീകരിക്കും'


യു.എസുമായി ഏർപ്പെട്ട ആണവ കരാറിന് പകരമായി, സൗദി ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള എബ്രഹാം ഉടമ്പടിയിൽ ചേരുമെന്ന് ട്രംപ്. സൗദി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് സൗദിയും യു.എസും തമ്മിൽ 30 വർഷത്തെ ആണവ കരാറിൽ ഒപ്പിട്ടത്. അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദിക്ക് ആണവ റിയാക്ടറുകൾ നിർമ്മിക്കാം. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

# ഇറാനിലെ ഊർജ്ജ പ്ലാന്റുകൾ

തകർക്കുമെന്ന് ട്രംപ്


 ഹോർമുസിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഊർജ്ജ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ്

 കണ്ണിന് കണ്ണെന്ന രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ

 ഇന്നലെ പുലർച്ചെ ഇറാനിൽ യു.എസിന്റെ അഞ്ച് മണിക്കൂർ നീണ്ട ബോംബിംഗ്. കുവൈറ്റിനും ജോർദ്ദാനും നേരെ തിരിച്ചടിച്ച് ഇറാൻ. ജോർദ്ദാനിൽ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്ന് അവകാശവാദം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360