SignIn
Kerala Kaumudi Online
Friday, 24 July 2026 8.47 AM IST

ഉറുമ്പ് ഡെസേർട്ടിന് പിടിവീണു !

d

സോൾ: ഭക്ഷണ പദാർത്ഥങ്ങൾ അലങ്കരക്കാൻ ഉറുമ്പുകളെ ഉപയോഗിച്ച റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ നിയമനടപടി. ദക്ഷിണ കൊറിയയിലെ സോളിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിലാണ് സംഭവം. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഉടമയ്ക്കെതിരെ കേസെടുത്തു. ഇദ്ദേഹത്തിന് ഒരു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. സ്ഥാപനത്തിന് 20 മില്യൺ കൊറിയൻ വോൺ പിഴ ചുമത്താനും പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


രാജ്യത്തെ 'ഫുഡ് സാനിറ്റേഷൻ ആക്ട് ' പ്രകാരം പച്ചക്കുതിര, ചീവീട് തുടങ്ങി 10 തരം പ്രാണികളെ മാത്രമേ ഭക്ഷണമായി ഉപയോഗിക്കാൻ പാടുള്ളൂ. ഉറുമ്പുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഭക്ഷണം കഴിച്ചവർ റെസ്റ്റോറന്റിനെതിരെ പരാതി നൽകിയട്ടില്ല. എന്നാൽ ഏറെ ആരാധകരുള്ള റെസ്റ്റോറന്റിലെ സോർബെയുടെ (പഴച്ചാറുകളും ഐസും ചേർത്തുണ്ടാക്കുന്ന ഫ്രോസൺ ഡെസേർട്ട്) ചിത്രം ഭക്ഷ്യ-മരുന്ന് സുരക്ഷാ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ കാണാനിടയായതാണ് വിനയായത്.


ഉറുമ്പുകളെ വിതറിയ സോർബെയാണ് ഇവിടെ ലഭിക്കുന്നതെന്ന് ഓൺലൈൻ റിവ്യൂകളിൽ നിന്ന് ഉദ്യോഗസ്ഥൻ മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെസ്റ്റോറന്റ് ഉടമയ്ക്ക് പിടിവീണത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ തായ്‌ലൻഡിൽ നിന്നും യു.എസിൽ നിന്നും ഇറക്കുമതി ചെയ്ത ഏകദേശം 49,000 ഉറുമ്പുകളെ വിവിധ വിഭവങ്ങളിൽ ഇവർ വിളമ്പിയതായി കണ്ടെത്തി.


ഉറുമ്പുകളെ ഉപയോഗിച്ച കാര്യം റെസ്റ്റോറന്റ് ഉടമ സമ്മതിച്ചു. എന്നാൽ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാത്രമാണ് ഉറുമ്പുകളെ നൽകിയിരുന്നതെന്ന് വാദിച്ചു. ഏകദേശം 60 ശതമാനം ആളുകൾ ഉറുമ്പ് ചേർത്ത സോർബെ തിരഞ്ഞെടുത്തെന്നും പറയുന്നു. റെസ്റ്റോറന്റിന്റെയോ ഉടമയുടെയോ പേര് നിലവിൽ പരസ്യപ്പെടുത്തിയിട്ടില്ല. കേസിലെ അന്തിമ വിധി സെപ്റ്റംബർ 2ന് പുറപ്പെടുവിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360