SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.07 AM IST

ശത്രുക്കൾക്ക് കയ്‌പ്പേറിയ പരാജയം ഉറപ്പ്; മുന്നറിയിപ്പുമായി മുജ്‌തബ ഖമനേയി

mojtaba-khamenei-

ടെഹ്റാൻ: അമേരിക്കയുമായുള്ള നാവിക ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നതിനിടെ, യുഎസിനും സഖ്യകക്ഷികൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമനേയി. ശത്രുക്കൾക്ക് കയ്‌പ്പേറിയ പരാജയങ്ങൾ സമ്മാനിക്കാൻ ഇറാൻ നാവികസേന സജ്ജമാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.


പിതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ പരമോന്നത പദവിയിലെത്തിയ മുജ്‌തബ ഖമനേയി, തന്റെ പതിവ് രീതിയിൽ എഴുതി തയ്യാറാക്കിയ സന്ദേശമാണ് ഇത്തവണയും പുറത്തുവിട്ടത്. സ്ഥാനമേറ്റെടുത്ത ശേഷം ഇതേവരെ അദ്ദേഹം പൊതുവേദിയിലോ ദൃശ്യമാദ്ധ്യമങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല . അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവ്യക്തതകൾക്കിടയിലാണ് സൈനിക വാർഷികത്തോടനുബന്ധിച്ച് പുതിയ സന്ദേശം എത്തിയത്.


ഇറാന്റെ സൈനിക കരുത്തിനെ മുജ്‌തബ പ്രശംസിച്ചു. രാജ്യത്തെ ഭൂപ്രദേശം,​ ജലം,​ പതാക എന്നിവ സംരക്ഷിച്ചതിനായിരുന്നു സൈനികർക്ക് പ്രശംസ. അതേസമയം,​ അമേരിക്കൻ സയണിസ്റ്റ് സഖ്യത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും രണ്ട് മുൻനിര സൈന്യങ്ങളുടെ ബലഹീനത ഇറാൻ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഇറാന്റെ ഡ്രോണുകൾ ശത്രുവിനുമേൽ മിന്നൽപ്പിണർ പോലെ പതിക്കുന്നത് പോലെ, നാവികസേനയും പുതിയ തിരിച്ചടികൾക്ക് തയ്യാറെടുക്കുകയാണെന്നും മുജ്‌തബ പ്രസ്താവനയിൽ വ്യക്തമാക്കി.

പുതിയ പ്രസ്താവനകൾ ഇറാൻ പുറത്തുവിടുമ്പോഴും ഹോർമുസ് കടലിടുക്കിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഇതുവരെ നീക്കാൻ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ലെബനൻ വെടിനിർത്തലിന് പിന്നാലെ നിയന്ത്രണം നീക്കുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇറാൻ നിലപാട് മാറ്റുകയായിരുന്നു. ഹോർമുസ് വഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ ഗൺബോട്ടുകൾ വെടിയുതിർത്തതായും യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ചരക്കുകപ്പലുകൾ കടൽപ്പാതയിൽ നിന്നും പിന്തിരിയുന്നതായാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ സൂചിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MOJTABA, IRAN, WARNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360