SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.35 PM IST

അതിർത്തിയിൽ പുതിയ തന്ത്രം; ഡ്രോൺ ആക്രമണത്തെ ചെറുക്കാൻ മീൻവല വിരിച്ച് പാകിസ്ഥാൻ

pak-police
പാകിസ്ഥാൻ സ്ഥാപിച്ച നെറ്റ്

ഇസ്ലാമാബാദ്: സ്ഫോടക വസ്തുക്കളുമായി എത്തുന്ന ഡ്രോണുകളുടെ ആക്രമണം തടയാൻ വ്യത്യസ്ത പ്രതിരോധ മാർഗവുമായി പാകിസ്ഥാൻ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പൊലീസ് ചെക്ക് പോസ്റ്റുകൾക്ക് മുകളിലാണ് ആക്രമത്തെ ചെറുക്കാൻ മീൻപിടിത്ത വലകൾ സ്ഥാപിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഹാംഗു ജില്ലയിലെ സാർക്കി പയാല പൊലീസ് ചെക്ക് പോസ്റ്റിലാണ് ഈ സംവിധാനം ആദ്യം പരീക്ഷിച്ചത്. ചെക്ക്പോസ്റ്റിന്റെ കെട്ടിടങ്ങൾക്കും ചുറ്റുമതിലുകൾക്കുമിടയിൽ ഏതാനും മീറ്റർ ഉയരത്തിൽ വലകൾ വലിച്ചുകെട്ടിയാണ് കവചം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 16ന് സാർക്കി പയാല ചെക്ക് പോസ്റ്റിന് നേരെ സ്ഫോടക വസ്തുക്കൾ വഹിച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു. ഏകദേശം ഏഴ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന പ്രതിരോധ മാർഗമായി മീൻപിടിത്ത വല ഉപയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഡ്രോൺ വലയിൽ കുടുങ്ങി പ്രവർത്തനരഹിതമാകുമെന്നാണ് പാക് പൊലീസുകാരുടെ പ്രതീക്ഷ. വലയിൽ കുടുങ്ങാതെ ഡ്രോൺ പൊട്ടിത്തെറിച്ചാലും സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളും ലോഹച്ചീളുകളും നേരിട്ട് താഴേക്ക് പതിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഒരു സാധാരണ ചെക്ക് പോസ്റ്റ് മറയ്ക്കാൻ ഏകദേശം നാല് ലക്ഷം പാകിസ്ഥാൻ രൂപയാണ് ചെലവ് വരുന്നതെന്ന് ഹാംഗു ജില്ലാ പൊലീസ് ഓഫീസർ താരിഖ് ഹബീബ് പറഞ്ഞു. ഹാംഗുവിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്കും ചെക്ക് പോസ്റ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, ചില സ്ഥലങ്ങളിൽ വല സ്ഥാപിക്കുന്നത് സുരക്ഷയുടെ തെറ്റായ ബോധം നൽകാൻ ഇടയാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഡ്രോണുകൾ ആകാശത്ത് ഉയരുന്ന ഘട്ടത്തിൽ തന്നെ കണ്ടെത്തി തടയാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും വിദഗദ്ധർ ചൂണ്ടിക്കാട്ടി.

English Summary

Pakistan is deploying fishing nets over police checkpoints in its northwestern Khyber Pakhtunkhwa province as a low-cost defense against explosive-laden drone attacks. First implemented at the Sarki Payala checkpoint, this measure aims to entangle drones or mitigate blast impact. The initiative follows an April drone attack, claimed by Tehrik-i-Taliban Pakistan, and is being expanded to more police stations in the region.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN DRONE ATTACKS, FISHING NET DEFENCE, PAKISTAN SECURITY POSTS, ANTI DRONE NET, HANGU PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360