SignIn
Kerala Kaumudi Online
Thursday, 28 May 2026 2.37 AM IST

ഹമാസ് സൈനിക മേധാവിയെ വധിച്ച് ഇസ്രയേൽ

s

ടെൽ അവീവ്: ഹമാസിന്റെ പുതിയ സൈനിക മേധാവി മുഹമ്മദ് ഒദേയെ വധിച്ച് ഇസ്രയേൽ. ചൊവ്വാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണിത്. ആക്രമണത്തിൽ ഒദേയുടെ ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഒദേ ഒരു ആഴ്ച മുമ്പാണ് ഹമാസിന്റെ സൈനിക മേധാവിയായി ചുമതലയേറ്റത്. രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ട എസുദ്ദീൻ അൽ ഹദ്ദാദിന് പകരക്കാരനായിട്ടായിരുന്നു ഇത്. ഒദേ കൊല്ലപ്പെട്ടതായും ഇസ്രയേൽ ആക്രമണത്തിൽ 12പേർക്ക് പരിക്കേറ്റതായും ഹമാസ് സ്ഥിരീകരിച്ചു. ഒക്ടോബറിലെ ആക്രമണ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു ഒദേ.

രഹസ്യാന്വേഷണത്തിന്റെ

ബുദ്ധികേന്ദ്രം

1974ൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച മുഹമ്മദ് ഒദേ 1987ലെ ഒന്നാം ഇൻതിഫാദ കാലത്താണ് ഹമാസിന്റെ പ്രവർത്തകനായത്. (ഇസ്രയേലിനെതിരെ പാലസ്തീൻ നടത്തിയ പോരാട്ടമാണ് ഇൻതിഫാദ) ആദ്യം ആഭ്യന്തര സുരക്ഷാ വിഭാഗമായ മജ്ദ് യൂണിറ്റിലെ അംഗമായി. 2000ലെ രണ്ടാം ഇൻതിഫാദ സമയത്ത് ഖസാം ബ്രിഗേഡിൽ ചേർന്നു. ഇസ്രയേലിന്റെ നീക്കങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ സമർത്ഥൻ. 2017മുതൽ 2019 വരെ നോർത്തേൺ ബ്രിഡേഗിന്റെ കമാൻഡറായി. ഇസ്രയേലാക്രമണത്തിൽ ഹമാസിന്റെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതോടെ സൈനിക നീക്കങ്ങളും ആയുധ ശേഖരണവും അടക്കം ഒദേയുടെ മേൽനോട്ടത്തിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360