
ന്യൂഡൽഹി: റഷ്യയുടെ സഹായത്തോടെ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. അതേസമയം,ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അന്തിമ ഘട്ടത്തിലാണെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
വിയറ്റ്നാമുമായുള്ള ബ്രഹ്‌മോസ് കരാർ ഒപ്പിട്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ തീരദേശ പ്രതിരോധ മിസൈൽ ബാറ്ററികൾ,മിസൈലുകൾ,പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ അടങ്ങിയ 5,800 കോടിയുടെ കരാറാണ് വിയറ്റ്‌നാമുമായി ഒപ്പിട്ടതെന്ന് സൂചനയുണ്ട്. 2022ൽ ഫിലിപ്പീൻസുമായാണ് ബ്രഹ്‌മോസ് കരാറിൽ ഇന്ത്യ ആദ്യം ഒപ്പിടുന്നത്.
ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി സമുദ്ര തർക്കങ്ങളുണ്ട്. മേഖലയിലെ ചൈനീസ് ആധിപത്യത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് നൽകുന്നതിന്റെ തന്ത്രപരമായ പ്രാധാന്യം ഏറെയാണ്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ കുതിക്കാൻ കഴിവുള്ള ബ്രഹ്‌മോസ് വിമാനത്തിൽ നിന്നും കപ്പലിൽ നിന്നും വിക്ഷേപിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |