ബാങ്കോക്ക്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വീണ്ടും 30 ദിവസത്തെ വിസാരഹിത പ്രവേശനം അനുവദിക്കാൻ തായ്‌ലാൻഡ് മന്ത്രിസഭ അംഗീകാരം നൽകി. വിസാരഹിത പ്രവേശനം പിൻവലിക്കുമെന്ന സർക്കാർ നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതായാണ് തായ്‌ലാൻഡ് ടൂറിസം മന്ത്രി സുരസാക് ഫാൻചറോൻവോറകുൽ വ്യക്തമാക്കിയത്.
ഇന്ത്യ ഉൾപ്പടെ 93 രാജ്യങ്ങൾക്ക് നൽകിയിരുന്ന 60 ദിവസത്തെ വിസാരഹിതപ്രവേശനം അവസാനിപ്പിക്കാനാണ് മേയ് മാസത്തിൽ തായ്‌ലൻഡ് മന്ത്രിസഭ തീരുമാനിച്ചത്. പകരം, 54 രാജ്യങ്ങൾക്ക് മാത്രം 30 ദിവസത്തെ വിസാ ഇളവ് നൽകാനായിരുന്നു പദ്ധതി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് നിലവിൽ വന്നില്ലെങ്കിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഇന്ത്യൻ യാത്രക്കാരിൽ വ്യാപകമായതായി മന്ത്രി പറഞ്ഞു. തായ്‌ലൻഡിലേക്ക് വരുന്ന ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് അതിന്റെ പ്രതിഫലനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാരീതിക്ക് അനുസൃതമായാണ് 30 ദിവസത്തെ വിസാരഹിത പ്രവേശനം വീണ്ടും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇന്ത്യ തായ്‌ലൻഡിന്റെ പ്രധാന വിനോദസഞ്ചാര വിപണികളിലൊന്നാണ്. ഭാവിയിൽ ഈ നയം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ അത് വീണ്ടും വിലയിരുത്തും'- സുരസാക് പറഞ്ഞു.
ഈ വർഷം തായ്‌ലൻഡിലെത്തിയ വിദേശസഞ്ചാരികളിൽ ചൈനയും മലേഷ്യയും കഴിഞ്ഞാൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. അതിനാൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, പുതിയ വിസാ ഇളവിൽ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തായ് പാസ്‌പോർട്ടുള്ളവർക്ക് ഷെൻഗൻ വിസാ ഇളവ് നേടുന്നതിനുള്ള ചർച്ചകൾക്ക് ഇത് അനുകൂലമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |