SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.01 AM IST

ഫ്രം റഷ്യ വിത്ത് ലവ് !

z

 ബഹിരാകാശത്ത് യു.എസും റഷ്യയും ഭായ്-ഭായ്

മോസ്കോ: ഇന്ത്യൻ വംശജൻ അനിൽ മേനോന്റെ ബഹിരാകാശ യാത്ര ചരിത്ര താളുകളിൽ ഇടംനേടിയിരിക്കുകയാണ്. റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിൽ കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോ‌ഡ്രോമിൽ നിന്ന് രണ്ട് അമേരിക്കൻ സഹസഞ്ചാരികൾക്കൊപ്പമായിരുന്നു അനിലിന്റെ യാത്ര. യുക്രെയിൻ യുദ്ധം ആരംഭിച്ച ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാത്രമാണ് റഷ്യയുമായി യു.എസ് സഹകരണം തുടരുന്നത്. നിലവിൽ 7 സഞ്ചാരികളാണ് നിലയത്തിലുള്ളത്. റഷ്യയുടെ സോയൂസ് എം.എസ് - 28 ദൗത്യത്തിലെ മൂന്ന് പേരും (രണ്ട് റഷ്യക്കാർ ഒരു അമേരിക്കക്കാരൻ)​ നാസ - സ്പേസ് എക്സ് ക്രൂ 12 ദൗത്യത്തിലെ നാല് പേരും (രണ്ട് അമേരിക്കക്കാരും,​ ഓരോന്ന് വീതം ഫ്രഞ്ച്,​ റഷ്യൻ പൗരന്മാരും)​. അനിലും സംഘവും എത്തുന്നതോടെ സഞ്ചാരികളുടെ എണ്ണം 10 ആകും. സോയൂസ് എം.എസ് - 28ലെ മൂന്ന് പേർ ഈമാസം 26ന് ഭൂമിയിൽ തിരിച്ചെത്തും.

# തുടക്കം മുതൽ സോയൂസ്

റഷ്യയുടെ സോയൂസ് പേടകവും നാസയുടെ സ്പേസ് ഷട്ടിലുമാണ് ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിച്ചിരുന്നത്. സോയൂസ് ടി.എം - 31ൽ ആയിരുന്നു നിലയത്തിലേക്കുള്ള ആദ്യ മനുഷ്യ ദൗത്യം. സ്പേസ് ഷട്ടിൽ പദ്ധതി നാസ നിറുത്തിയതോടെ 2011 മുതൽ മനുഷ്യരെ നിലയത്തിലേക്ക് എത്തിക്കുകയും മടക്കിക്കൊണ്ടു വരികയും ചെയ്യുന്ന ഏക രാജ്യമായി റഷ്യ മാറി. നാസയ്ക്ക് വേണ്ടി ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ 2020ൽ സഞ്ചാരികളുമായി വിജയകരമായി ബഹിരാകാശ നിലയത്തിലെത്തി. നിലവിൽ സോയൂസിനൊപ്പം ക്രൂ ഡ്രാഗണും നിലയത്തിലേക്ക് നിശ്ചിത ഇടവേള അനുസരിച്ച് സഞ്ചാരികളെ എത്തിക്കുന്നു

# ചരിത്രമുറങ്ങുന്ന ബൈക്കനൂർ കോസ്‌മോ‌ഡ്രോം

സ്ഥിതി ചെയ്യുന്നത് കസഖ്സ്ഥാനിലാണെങ്കിലും നിയന്ത്രിക്കുന്നത് റഷ്യ. റഷ്യൻ സ്പേസ് ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ എല്ലാ ദൗത്യങ്ങളും വിക്ഷേപിക്കുന്നത് ഇവിടെ നിന്ന്. 1955ൽ സോവിയറ്റ് കാലഘട്ടത്തിൽ സ്ഥാപിച്ചു. ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ ‌സ്‌പുട്‌നിക് 1 വിക്ഷേപിച്ചു (1957). ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെ‌യ്‌ക, ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ, ബഹിരാകാശത്തെത്തിയ ആദ്യ വനിതയായ വാലന്റീന തെരഷ്കോവ തുടങ്ങിയവരും ബൈക്കനൂറിൽ നിന്നാണ് വിണ്ണിലേക്ക് കുതിച്ചുയർന്നത്.

# അന്താരാഷ്ട്ര ബഹിരാകാശ നിലയം

 ബഹിരാകാശത്തെ ഏ​റ്റവും വലിപ്പമുള്ള മനുഷ്യ നിർമ്മിത വസ്തു

 ഭൂമിയിൽ നിന്നും 250 മൈൽ അകലെ

മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ ഭൂമിയെ ചുറ്റുന്നു

 യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ സംയുക്ത സംരംഭം

 യു.എസിന്റെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, കാനഡയുടെ സി.എസ്.എ, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാന്റെ ജാക്‌സ എന്നീ ഏജൻസികൾ ചേർന്നാണ് പരിപാലനം

 1998ൽ വിക്ഷേപിച്ചു. 2000 മുതൽ സ്ഥിരമായി മനുഷ്യ സാന്നിദ്ധ്യമുണ്ട്

നിലയത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാം

# 240 ദിവസത്തെ ദൗത്യത്തിന് ശേഷം അടുത്ത ഏപ്രിലിലാകും അനിൽ തിരിച്ചെത്തുക. അങ്ങനെയെങ്കിൽ ഒറ്റ ദൗത്യത്തിലൂടെ ദീർഘനാൾ ബഹിരാകാശത്ത് കഴിഞ്ഞവർ ആരൊക്കെയെന്ന് നോക്കാം ( അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറമേ സോവിയറ്റ് യൂണിയന്റെ മിർ, സല്യൂട്ട് സ്പേസ് സ്റ്റേഷനുകളെയും ഉൾക്കൊള്ളിച്ചുള്ള പട്ടിക)

 വലേറി പൊളിയകൊവ് (റഷ്യ) - 437 ദിവസം

 സെർജി അവ്ഡെയവ് (റഷ്യ) - 379 ദിവസം

 ഒലെഗ് കൊനോനെൻകോ,

നിക്കലോയ് ചബ് (റഷ്യ) - 374 ദിവസം

 ഫ്രാങ്ക് റൂബിയോ (യു.എസ്) - 371 ദിവസം

 വ്ലാഡിമിർ ടിറ്റോവ്,

മൂസ മാനറോവ് (റഷ്യ) - 365 ദിവസം

 മാർക്ക് വാൻഡെ ഹെയ് (യു.എസ്) - 355 ദിവസം

 സ്കോട്ട് കെല്ലി (യു.എസ്)

മിഖായിൽ കോർണിയെൻകോ (റഷ്യ) - 340 ദിവസം

 ക്രിസ്റ്റീന കോക്ക് (യു.എസ്) - 328 ദിവസം

 യൂറി റോമനെൻകോ (റഷ്യ) - 326 ദിവസം

 പെഗ്ഗി വിറ്റ്സൺ (യു.എസ്) - 289 ദിവസം

 സുനിത വില്യംസ്

ബുച്ച് വിൽമോർ (യു.എസ്) - 286 ദിവസം

 ആൻഡ്രൂ മോർഗൻ (യു.എസ്) - 272 ദിവസം

# ബഹിരാകാശത്തെ ഇന്ത്യൻ കൈയ്യൊപ്പ്

 രാകേഷ് ശർമ്മ - ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ പൗരൻ. 1984ൽ സോവിയറ്റ് പേടകമായ സോയൂസ് ടി - 11ൽ യാത്ര. സല്യൂട്ട് 7 സ്പേസ് സ്റ്റേഷനിൽ 8 ദിവസത്തോളം തങ്ങി

ശുഭാംശു ശുക്ല - ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ പൗരൻ. കഴിഞ്ഞ വർഷം ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി

 ഇന്ത്യൻ - അമേരിക്കൻ വംശജർ (നാസയ്ക്ക് വേണ്ടി)​ - കൽപ്പന ചൗള,​ സുനിത വില്യംസ്,​ രാജാ ചാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360