SignIn
Kerala Kaumudi Online
Thursday, 11 June 2026 3.11 AM IST

ഒമാൻ തീരത്ത് കപ്പൽ ആക്രമിച്ച് യു.എസ് 3 ഇന്ത്യക്കാരെ കാണാതായി 21 പേരെ രക്ഷപ്പെടുത്തി

1

 ഭീഷണിയുമായി ട്രംപ്
 ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഒമാൻ തീരത്ത് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ എണ്ണക്കപ്പലിന് തീപിടിച്ചു. മൂന്ന് ഇന്ത്യൻ നാവികരെ കാണാതായി. 21 പേരെ രക്ഷപ്പെടുത്തിയെന്നും തെരച്ചിൽ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇ ആസ്ഥാനമായുള്ള ഐ.ഒ.എസ് മറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണ്.

ഒമാനിലെ സോഹാർ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ പലാവു പതാക ഘടിപ്പിച്ച ‘സെറ്റെബെല്ലോ’ എന്ന ടാങ്കർ കപ്പലിന് നേരെയായിരുന്നു ആക്രമണം. എൻജിൻ റൂമിനാണ് തീപിടിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം തടയാനായി ഒമാൻ ഉൾക്കടലിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ യു.എസ് സൈനിക ഹെലികോപ്ടർ വെടിവച്ചിട്ടതിന് പ്രതികാരമായി ഇറാന്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ തിരിച്ചടി നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമല്ലെന്ന് രാജ്യാന്തര ഷിപ്പിംഗ് ഏജൻസിയായ ഐ.എം.ഒ മുന്നറിയിപ്പ് നൽകി. അതിനിടെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യു.എസുമായി സമാധാന കരാറിൽ എത്തിച്ചേരാൻ വൈകുന്നതിനെ തുടർന്നാണിത്. ഇറാനിലെ ഊർജ്ജനിലയങ്ങൾ, പാലങ്ങൾ തുടങ്ങിയവ ആക്രമിക്കാൻ ട്രംപ് ഉടൻ ഉത്തരവ് ഇടുമെന്നാണ് വിവരം. അതിനിടെ യു.എസ്-ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹ്റാനിൽ എത്തി.

അപലപിച്ച് ഇന്ത്യ

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പൽ സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം.

അമേരിക്കൻ എംബസിയിലെ സി.ഡി.എ ജെയ്സൺ മീക്സിനെ ഇന്ത്യ വിളിച്ചു വരുത്തി. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നും നിരന്തരം നൽകിയ നിർദ്ദേശങ്ങൾ കപ്പൽ ലംഘിച്ചുവെന്നും അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

തുടരുന്ന

പ്രകോപനം

അടിയും തിരിച്ചടിയുമായി വീണ്ടും അമേരിക്കയും ഇറാനും യുദ്ധകാഹളം മുഴക്കിയപ്പോൾ ലോകം കനത്ത ആശങ്കയിലായി. അപ്പാച്ചെ ഹെലിക്കോപ്ടർ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെ 20 കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും ബന്ദർ അബ്ബാസ്,മിനാബ് ഖേഷം, സിരിക് ദ്വീപുകളിലും ഉൾപ്പടെ ആയിരുന്നു ആക്രമണം. പോർ വിമാനങ്ങളിൽ നിന്ന് മിസൈൽ വർഷവും നടത്തി. ജോർദാനിലെ എഫ് 35 വിമാനങ്ങളുടെ ഹാങ്ങറും ബഹ്റൈനിലെയും കുവൈത്തിലെയും കപ്പൽ - വ്യോമ താവളങ്ങളും ഉൾപ്പടെ 21 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. തിരിച്ചടിക്ക് ഇറാൻ പ്രയോഗിച്ചത് ഖര ഇന്ധന ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ മിസൈലുകളായിരുന്നു. കുവൈറ്റിലെ സലിം അൽ സാലിം വ്യോമതാവളവും ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളവുമടക്കം ലക്ഷ്യം വച്ചു. ജോർദാനിൽ കനത്ത ആക്രമണമാണ് നടന്നത്. പിന്നാലെ സംഘർഷത്തിൽ സൗദിയും തുർക്കിയും ഇടപെട്ടു. പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാൻ പ്രതികരണം. നാവിക ഉപരോധം അമേരിക്ക തുടരുന്നത് ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സേനകൾ സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരാക്രമണവും മറുപടി ലഭിക്കാതെ പോവില്ലെന്ന നിലപാടിലാണ് നിലവിൽ ഇറാൻ.

ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും ഇറാൻ നീട്ടിയാൽ വലിയ വില നൽകേണ്ടി വരും. കൂടുതൽ സൈനിക നടപടിയുണ്ടാകും.

ഡൊണാൾഡ് ട്രംപ്

യു.എസ് പ്രസിഡന്റ്

യു.എസിന്റെയും ഇസ്രയേലിന്റെയും ആക്രമണം തടയാൻ ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്ക് നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്വമുണ്ട്.

ഇറാൻ വിദേശകാര്യമന്ത്രാലയം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360