
കാലിഫോർണിയ: പടിക്കെട്ടുകൾ മേൽക്കൂരയിൽ അവസാനിക്കുന്നു, വാതിലുകൾ തുറക്കുമ്പോൾ മുന്നിൽ ശൂന്യത, ജനലുകൾ തുറക്കുന്നത് മറ്റൊരു മുറിയിലേക്ക്... കേൾക്കുമ്പോൾ ഒരു പ്രേതകഥയെന്ന് തോന്നാം. എന്നാൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള വിൻചെസ്റ്റർ മിസ്റ്ററി ഹൗസിന്റെ സവിശേഷതകളാണിവ. വിചിത്രമായ വാസ്തുവിദ്യയും നിഗൂഢതകൾ നിറഞ്ഞ ചരിത്രവും കൊണ്ട് ലോകശ്രദ്ധ നേടിയ ഈ വീട് ഇന്നും സന്ദർശകരിൽ കൗതുകമാണ്.
വിൻചെസ്റ്റർ തോക്കുകളുടെ നിർമ്മാണത്തിലൂടെ സമ്പന്നമായ കുടുംബത്തിലെ വില്യം വിർട്ട് വിൻചെസ്റ്ററിന്റെ ഭാര്യ സാറ വിൻചെസ്റ്ററാണ് ഈ വീടിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. ഭർത്താവിന്റെയും മകളുടെയും മരണത്തെത്തുടർന്നുണ്ടായ ദുരന്തങ്ങൾ സാറയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
1886ൽ ആരംഭിച്ച നിർമ്മാണം 1922ൽ സാറ മരിക്കുന്നതുവരെ തുടർന്നു. വർഷങ്ങളോളം നീണ്ട നിർമ്മാണത്തിനിടെ വീട് വിചിത്രമായ രൂപത്തിലേക്ക് മാറി. പല ഗോവണികളുടേയും അറ്റം ചുവരുകളിലാണ് അവസാനിക്കുന്നത്. കയറി കയറി ഒടുവിൽ തിരിച്ച് നടക്കേണ്ടി വരും. ചില വാതിലുകൾ തുറക്കുന്നത് മുറികളിലേക്കല്ല. തുറന്നാൽ കാണുന്നത് ചുവർ മാത്രം. ചില വാതിൽ തുറന്നാൽ രണ്ടാം നിലയിൽ നിന്നും നേരെ താഴെയെത്തും. രഹസ്യമായി പണികഴിപ്പിച്ച വാട്ടർ ടവറുകളും ഇവിടെയുണ്ട്. ആശയക്കുഴപ്പത്തിലാക്കുന്ന ഇടനാഴികളും ഈ വീടിന്റെ പ്രത്യേകതയാണ്. സാറയുടെ നിർമ്മാണത്തിനു പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം ഇന്നും വ്യക്തമല്ല. ഒരുപക്ഷേ വിശാലമായ ഒരു ഭവനം പണിത് തന്റെ ഭർത്താവിന്റേയും മകളുടേയും ശൂന്യത മറികടക്കാനായിരിക്കുമെന്ന് ചരിത്രകാരിയായ ജനൻ ബോയേം അഭിപ്രായപ്പെടുന്നു. 1922ൽ ഉറക്കത്തിനിടെയായിരുന്നു സാറയുടെ മരണം. സാറയുടെ മരണശേഷവും ദുരൂഹതകൾ തുടർന്നു. വീടിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ സംസാരവും കാൽപ്പെരുമാറ്റവുംകേൾക്കാറുണ്ടെന്നു അയൽക്കാർ പറയുന്നു. സാറയുടെ ആത്മാവ് ഇവിടെയുണ്ടെന്നാണ് ചിലർ പറയുന്നത്. സംഗതി പേടിപ്പെടുത്തുന്നതാണെങ്കിലും വീട് കാണാൻ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു കുടുംബത്തിന്റെ പേരിലാണ് നിലവിൽ ഈ ഹൗസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |