ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് യാത്രക്കാരുമായി മടങ്ങിയ ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം ഹാത്തി പഹാറിന് പിന്നിലുള്ള ചായി ഗ്രാമത്തിന് അടുത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിൽ പൈലറ്റും അഞ്ച് യാത്രക്കാരുമുൾപ്പെടെ ആറുപേരുണ്ടായിരുന്നത്.
ബദരീനാഥിനും ജോഷിമഠിനും ഇടയിലുള്ള വ്യോമപാതയിൽവച്ച് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.14ഓടെയാണ് ഹെലികോപ്ടർ പറന്നുയർന്നത്. ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഹെലികോപ്ടറിന്റെ ലൊക്കേഷൻ വിവരങ്ങൾ കൈമാറുന്ന സംവിധാനവും പ്രവർത്തനരഹിതമായി. പിന്നാലെ പ്രദേശത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുടർന്ന് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിക്കുകയായിരുന്നു.
പ്രദേശത്ത് കനത്ത മഴയും അടിക്കടിയുണ്ടാകുന്ന മേഘാവൃതമായ അന്തരീക്ഷവും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ പ്രാഥമിക ഘട്ടത്തിൽ തെരച്ചിൽ സംഘത്തിന് സാധിച്ചിരുന്നില്ല. ക്യാപ്റ്റൻ ഹിമാൻഷുവായിരുന്നു ഹെലികോപ്റ്ററിന്റെ പൈലറ്റ്. പ്രതാപ, അരുൺ, ശങ്കർ ഗൗഡ, സുധീർ കെ, എച്ച്.എസ്. നടരാജ എന്നിവരാണ് യാത്രക്കാരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൈന്യം, ചമോലി ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങളും ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ നിലവിലെ അവസ്ഥയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഹെലികോപ്റ്ററുകളുടെയും സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
A Trans Bharat Aviation helicopter carrying a pilot and five passengers crashed near Joshimath, Uttarakhand, while returning from Badrinath. Communication was lost mid-flight, prompting immediate search and rescue operations. Severe weather conditions are challenging efforts to locate the wreckage and occupants. The company has temporarily suspended all its helicopter services following the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |