SignIn
Kerala Kaumudi Online
Friday, 30 October 2026 10.03 AM IST

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടി,​ ജലം കുത്തിയൊലിച്ചെത്താം,​ പശ്ചിമബംഗാളിലും ആസാമിലും മിന്നൽ പ്രളയമുന്നറിയിപ്പ്

READ ENGLISH VERSION
glacial-lake
ഷിൻറാഫു തടാകം

തിംഫു: വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകിയതിനെ തു‌ടർന്ന് ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. ഒരു ഹിമാനി തടാകമാണ് ഷിന്റാഫു. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് തടാകം തകർന്നത്. ഇതോടെ ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ പ്രളയമുന്നറിയിപ്പ് നൽകുകയായിരുന്നു.ഭൂട്ടാനിൽ ഗാസ ജില്ലയിലെ മൊ ചു നദിയുടെ കരയിലുള്ള ഗാസ ത്‌സാച്ചു എന്ന ഉഷ്‌ണജലപ്രവാഹത്തിന് സമീപത്തെ പ്രദേശങ്ങളെല്ലാം പ്രളയജലത്തിൽ ഒഴുകിപ്പോയി. അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾനാശം ഒഴിവായി.

മൊ ചു നദിയുടെ തുടക്കഭാഗത്ത് സ്ഥിതിചെയ്യുന്ന ഷിന്റാഫു ഗ്‌ളേഷ്യൽ തടാകം ഭൂട്ടാനിലെ 17 അപകടകരമായ ഹിമാനികളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഇവിടുത്തെ ഉഷ്‌ണജല പ്രവാഹമുള്ള ഗാസ ത്‌സാച്ചു ഭാഗം ഇതിനുമുൻപ് 2021 ഓഗസ്റ്റ് 26നും പൂർണമായും ഇത്തരത്തിൽ ഒഴുകിപ്പോയി നശിച്ചിരുന്നു. അന്ന് നദി ഗതിമാറി ഒഴുകിയായിരുന്നു ദുരന്തം.

നിലവിൽ പ്രളയജലം കബേസ ഗെവോംഗിന് സമീപം ശ്രീഗാംഗിൽ എത്തിയതായി ഭൂട്ടാൻ വിവരം നൽകി. തങ്ങളുമായി അതിർത്തിപങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളായ ആസാമിലും ബംഗാളിലും മിന്നൽ പ്രളയമുന്നറിയിപ്പ് ഭൂട്ടാൻ നൽകി. ആസാമിലെ ധൂബ്‌രി, പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മലനിരകൾ എന്നിവിടങ്ങളിലാണ് പ്രളയമുണ്ടാകുക. ബംഗാളിലെ കൂച്ച്‌ബിഹാറിൽ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭൂട്ടാനിലെ മോ ചു, ഫോ ചു എന്നീ നദികളുടെ പോഷകനദിയായ സങ്കോഷ് നദിക്കരയിൽ താമസിക്കുന്നവർക്കാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ഈ നദി പിന്നീട് ഒഴുകി ആസാമിൽ ബ്രഹ്‌മപുത്രയിൽ ചേരുകയാണ് പതിവ്.

English Summary

A flash flood warning has been issued in India after the Shintaphu glacial lake in Bhutan's Gasa district burst on Thursday evening. Authorities have alerted West Bengal and Assam over the possibility of flooding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHINTAPHU LAKE, GLACIAL LAKE, BHUTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360