
ബീജിംഗ്: സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'വാട്ടർ റോച്ച് എഗ് ടാർട്ട്സ്'. ചൈനയിലെ ഒരു റസ്റ്ററന്റിൽ മധുരപലഹാരത്തിന് മുകളിൽ ഭീമൻ പാറ്റകളെപ്പോലെ തോന്നിക്കുന്ന വറുത്ത പ്രാണികളെ വിളമ്പിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. തെക്കൻ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഷുണ്ടെയിലുള്ള റസ്റ്ററന്റാണ് വിചിത്രമായ വിഭവവുമായി ശ്രദ്ധ നേടിയത്.
കസ്റ്റാർഡ് നിറച്ച പരമ്പരാഗത കന്റോണീസ് മുട്ട ടാർട്ടിന് മുകളിൽ തിളങ്ങുന്ന പ്രാണികളെ നിരത്തിവച്ചാണ് വിഭവം ഒരുക്കുന്നത്. ‘വാട്ടർ റോച്ച് എഗ് ടാർട്ട്സ്’ എന്ന പേരിൽ അവതരിപ്പിച്ച ഈ പലഹാരത്തിന് മൂന്നെണ്ണമടങ്ങുന്ന ഒരു സെറ്റിന് 28 യുവാൻ (ഏകദേശം നാല് ഡോളർ) ആണ് വില.
എന്നാൽ പാറ്റകളെന്ന് തോന്നിക്കുന്ന ഇവ യഥാർത്ഥത്തിൽ വാട്ടർ വണ്ടുകളാണ്. ഗ്വാംഗ്ഡോംഗിലെ ചില ഭാഗങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഇവ ഉപയോഗിക്കാറുണ്ട്. വറുത്തെടുത്താൽ മൊരിഞ്ഞ ലഘുഭക്ഷണമായി കഴിക്കാമെന്നാണ് വിശ്വാസം. പരമ്പരാഗത ചൈനീസ് ചികിത്സാരീതികളിലും ഇവയ്ക്ക് സ്ഥാനമുണ്ട്. ചർമത്തിന്റെയും വൃക്കകളുടെയും ആരോഗ്യത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
വിചിത്രമായ ഈ വിഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കണ്ടാൽ കഴിക്കാൻ തോന്നുന്നില്ലെന്നാണ് ചിലരുടെ പ്രതികരണം. പാറ്റകളെപ്പോലെയുള്ള പ്രാണികളെ ഭക്ഷണമായി അംഗീകരിക്കാനാവില്ലെന്നും പലരും പറയുന്നു. അതേസമയം, വാട്ടർ വണ്ടുകൾ അപൂർവവും വിലകൂടിയതുമായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |