
ഇസ്രയേലിലെ സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികൾ നിർണായക ഘടകമാകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനു 53 സീറ്റുകളും പ്രധാന എതിരാളി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനു 48 സീറ്റുകളുമാണ് ലഭിക്കുമെന്ന് കരുതുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ അറബ് പാർട്ടികളുടെ പിന്തുണ അനിവാര്യം.
ഇസ്രയേൽ പാർലമെന്റിലെ 120 സീറ്റുകളിൽ ഭൂരിപക്ഷത്തിനു 61 സീറ്റുകൾ വേണം. ജനസംഖ്യയുടെ 20ശതമാനം വരുന്ന അറബ് വോട്ടർമാരുടെ ഉയർന്ന പോളിംഗിലൂടെ രണ്ട് പ്രധാന അറബ് രാഷ്ട്രീയ ശക്തികളായ റാ അമും ജോയിന്റ് ലിസ്റ്റും കൂടി 19 സീറ്റുകൾ നേടുമെന്നത് സർക്കാർ രൂപീകരണത്തിൽ അവരുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. നിലവിൽ ഇവർക്ക് 10 സീറ്റുകളാണുള്ളത്.
എന്നാൽ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ജൂത രാഷ്ട്രീയ പാർട്ടികൾ പൊതുവെ വിമുഖത കാട്ടാറുണ്ട്. ഇസ്രയേലിന്റെ ജൂത സ്വഭാവം, പാലസ്തീൻ വിഷയത്തിൽ അറബ് നേതാക്കൾ പുലർത്തുന്ന നിലപാടുകളും സുരക്ഷാ കാര്യങ്ങളിൽ അവരെ വിശ്വസിക്കാനാകുമോ എന്ന സംശയവും ഇതിനു കാരണമാകുന്നു. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇത്തരം ആശങ്കകൾ ശക്തമായി.
നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റാൻ പ്രതിപക്ഷത്തിന് അറബ് പാർട്ടികളുടെ പിന്തുണ ആവശ്യമായി വരാം. എന്നാൽ അവരുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഐസൻകോട്ടിന്റെ നിലപാട് നിർണായകമാണ്. അറബ് പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പാക്കുക പ്രയാസമാകും. ഇത് സംഭവിക്കാതിരിക്കാൻ നെതന്യാഹു അറബ് പാർട്ടികളെ നിശിതമായി വിമർശിച്ചു കഴിഞ്ഞു. നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്ന സൂചന അറബ് പാർട്ടികളും നൽകി.
അറബ് പാർട്ടികൾ സർക്കാർ സഖ്യത്തിൽ നേരിട്ട് ചേരുമോ, അതോ പുറത്തുനിന്ന് പിന്തുണ നൽകുമോ എന്നത് നിർണായകമാണ്. അവരുടെ നിലപാട് പുതിയ സർക്കാരിന്റെ രൂപീകരണത്തെയും നയങ്ങളെയും സ്വാധീനിച്ചേക്കും. അവരുടെ പിന്തുണ ആരെ അധികാരത്തിലെത്തിക്കും എന്നതും പുതിയ സർക്കാരിന്റെ നയങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതും ഇസ്രയേൽ രാഷ്ട്രീയത്തിലെ പ്രധാന ചോദ്യങ്ങളാണ്.
(കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |