
ഒട്ടാവ: പേവിഷ ബാധിച്ച് 11കാരൻ മരിച്ച സംഭവം കാനഡയിൽ ചർച്ചയാകുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ തന്റെ മുഖത്ത് വവ്വാലുണ്ടായിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. തന്റെ മൂക്കിനും വായയ്ക്കും മുകളിലായി ഇരുന്ന വവ്വാലിനെ കുട്ടി ഉടൻ തട്ടിമാറ്റുകയും ചെയ്തു.
മുഖത്ത് കടിയേറ്റതിന്റെയോ നഖം കൊണ്ടതിന്റെയോ പാടുകളോ രക്തമോ ഇല്ലാത്തതിനാൽ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കാണിക്കുകയോ പ്രതിരോധ വാക്സിനെടുക്കുകയോ ചെയ്തില്ല. 19 ദിവസം കഴിഞ്ഞ് ഛർദ്ദി അടക്കം പ്രാരംഭ ലക്ഷണങ്ങൾ കുട്ടിയിൽ പ്രകടമായി. മുഖത്ത് തരിപ്പുമുണ്ടായി. വായിൽ അണുബാധയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾ കടന്നുപോയതോടെ ലക്ഷണങ്ങൾ ഗുരുതരമായി.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പി.സി.ആർ പരിശോധനയിൽ റാബീസ് വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചെങ്കിലും 17-ാം നാൾ കുട്ടി മരിച്ചു.
വടക്കൻ ഒന്റേറിയോയിൽ 2024ൽ നടന്ന സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്ന കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലെ റിപ്പോർട്ടിലാണ് വിവരിക്കുന്നത്. 1967ന് ശേഷം ഒന്റേറിയോയിൽ മനുഷ്യനിൽ സ്ഥിരീകരിച്ച ആദ്യ റാബീസ് കേസായിരുന്നു ഇത്. പേവിഷബാധ കാനഡയിൽ അപൂർവ്വമാണ്. 1924 മുതൽ 28 പേരാണ് മരിച്ചത്.
# കടിയേറ്റാൽ
അറിയില്ല
റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.എസിന്റെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) അടക്കം ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പുമായി രംഗത്തെത്തി. വവ്വാലുകൾക്ക് തീരെ ചെറുതും എന്നാൽ മൂർച്ചയേറിയതുമായ പല്ലാണ്. കടിയേറ്റാൽ പാടോ വേദനയോ ഉണ്ടാകണമെന്നില്ല. വവ്വാലുമായി ഏത് തരത്തിലെ സമ്പർക്കമുണ്ടായാലും വാക്‌സിനെടുക്കണം.
# ലൈസാ വൈറസും
അപകടകാരി
വവ്വാലുകൾക്ക് റാബീസിനോട് സാദൃശ്യമുള്ള നാഡീ വ്യവസ്ഥയെ തകരാറിലാക്കുന്ന ലൈസാ വൈറസുകളും (ബാറ്റ് ലൈസാ വൈറസ്) പടർത്താനാകും
പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസ് ഉൾപ്പെടെയുള്ള വൈറസുകളുടെ കുടുംബമാണ് ലൈസാ വൈറസ്
ഇവ ബാധിച്ച് ഓസ്ട്രേലിയയിലും യൂറോപ്പിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |