SignIn
Kerala Kaumudi Online
Wednesday, 08 July 2026 8.18 AM IST

ഇടിക്കും, തകർക്കും, ആരുണ്ട് ചോദിക്കാൻ !

f

കാൻബെറ: ഇവനാണ് നീൽ. ആളിത്തിരി പ്രശ്നക്കാരനാണ്. ആരെയും പേടിയില്ല. കണ്ണിൽ കാണുന്നതൊക്കെ ഇടിച്ചുതകർക്കും. പക്ഷേ, കാര്യമെന്തൊക്കെയായാലും നാട്ടുകാർക്കെല്ലാം നീൽ പൊന്നോമനയാണ്. ആരാണ് നീൽ എന്നല്ലേ. ഓസ്ട്രേലിയയിലെ തെക്കൻ ടാസ്‌മാനിയയിലുള്ള ഒരു സതേൺ എലിഫന്റ് സീലാണ് നീൽ.

ഇന്റർനെറ്റ് സെലിബ്രിറ്റിയായ നീൽ പൊതുമുതൽ നശിപ്പിച്ചും ഗതാഗത തടസം സൃഷ്ടിച്ചുമാണ് വൈറലായത്. പൊതുവേ വിദൂര അന്റാർട്ടിക് ദ്വീപുകളിലാണ് എലിഫന്റ് സീലുകളുടെ പ്രജനനം നടക്കുക. പക്ഷേ, നീൽ ജനിച്ചത് മനുഷ്യവാസമുള്ള ടാസ്‌മാനിയയിലാണ്. അതുകൊണ്ട് തീരദേശ പട്ടണങ്ങൾ നീലിന് സ്വന്തം വീടാണ്. വർഷത്തിൽ രണ്ടുതവണ നീൽ കടലിൽ നിന്ന് കരയിലെത്തും. പിന്നെ നീലിന്റെ വികൃതികൾ എണ്ണാനേ ടാസ്‌മാനിയക്കാർക്ക് സമയമുണ്ടാകൂ.

ജൂൺ അവസാനം മുതൽ നീൽ കരയിലുണ്ട്. അതിനാൽ ആരും നീലിനെ ശല്യം ചെയ്യരുതെന്നും അവന്റെ സ്വകാര്യതയെ മാനിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. അവന്റെ ദൃശ്യങ്ങൾ പകർത്താൻ പിന്നാലെ പായരുത്. അവന്റെ ലൊക്കേഷൻ പോലും വെളിപ്പെടുത്തരുത്. അടുത്ത് പോകാനും പാടില്ല.

നീലിനെ ശല്യം ചെയ്താൽ 1,200 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയും ചുമത്തും. പൊലീസിന്റെയും വന്യജീവി റേഞ്ചർമാരുടെയും നിരീക്ഷണ വലയത്തിലാണ് നീൽ. നീൽ ഒരു വന്യജീവിയായതിനാൽ അതിനെ മനുഷ്യർ പ്രകോപിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.


# ഉറക്കം റോഡിൽ


 ഭാരം - 1,000 കിലോഗ്രാം

 ടിക്ക്ടോക്കിൽ 14 ലക്ഷം ഫോളോവേഴ്സ്

 ഹോബി - വേലികൾ, വാഹനങ്ങൾ തുടങ്ങിയ ഇടിച്ചു നശിപ്പിക്കും. റോഡിൽ ഗതാഗതം തടസപ്പെടുത്തി കിടന്നുറങ്ങും

 ട്രാഫിക് കോണുകൾ ഇഷ്ടകളിപ്പാട്ടം. ചിലപ്പോൾ കളിക്കും. അല്ലെങ്കിൽ തകർക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360