
ന്യൂഡൽഹി: പാക് ചാരൻ റാണ റൗഫിനെ പശ്ചിമബംഗാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്‌തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് സംശയം. പാകിസ്ഥാൻ ഫൈസലാബാദ് സ്വദേശിയാണ്. ബംഗ്ലാദേശ് അതിർത്തി മുഖേന പാകിസ്ഥാനിലേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ നോർത്ത് 24 പർഗനാസിൽ നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. വഹാബ് ആലം എന്നു പേരുമാറ്റി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി കൊൽക്കത്ത കേന്ദ്രീകരിച്ചു കഴിയുകയായിരുന്നു. കൊൽക്കത്തയിലെ കരസേനയുടെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്തെയും, മേഖലയിലെ ബി.എസ്.എഫിന്റെയും നീക്കങ്ങൾ ഇയാൾ നിരീക്ഷിച്ചിരുന്നതായി കണ്ടെത്തി. 2012ൽ നേപ്പാൾ അതിർത്തി വഴിയാണ് റാണ റൗഫ് ഇന്ത്യയിലെത്തിയത്. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഇജാസ് എന്ന കൊൽക്കത്ത സ്വദേശിയും കസ്റ്റഡിയിലാണ്. അതിനിടെ, രാജസ്ഥാൻ ശ്രീഗംഗാനഗറിലെ ബി.എസ്.എഫ് ക്യാമ്പിലേക്ക് മതിൽ ചാടിക്കടന്നെത്തിയ നാട്ടുകാരനായ സുഭാഷ് ചന്ദറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ആഗസ്റ്റ് 9ന് വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. ഇയാൾ നിരന്തരം പാകിസ്ഥാനിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇന്ത്യ-പാക് അതിർത്തിക്കു സമീപത്തെ ക്യാമ്പാണിത്.
അതിർത്തിയിൽ കനത്ത ജാഗ്രത
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അതിർത്തി മേഖലകളിലും ഡൽഹിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും അടക്കം ജാഗ്രത വർദ്ധിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനമുണ്ടായ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷമായതിനാൽ രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20,000 പൊലീസുകാർക്ക് പുറമെ കേന്ദ്രസേന,എൻ.എസ്.ജി എന്നിവയിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഇന്നലെ ചെങ്കോട്ടയിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |