
ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ മകൻ ഹാരിയും ഭാര്യ മേഗൻ മാർക്കിളും യു.കെയിലേക്ക് മടങ്ങിയെത്തുന്നു. രാജകുടുംബത്തിലെ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച ഹാരിയും മേഗനും മക്കളായ ആർച്ചിയ്ക്കും (7) ലിലിബെറ്റിനും (5) ഒപ്പം യു.എസിലെ കാലിഫോർണിയയിലാണ് നിലവിൽ താമസം. ഈ മാസം അവസാനത്തോടെ ഇവർ യു.കെയിലെത്തും.
ആറ് വർഷം മുന്നേയാണ് ഹാരിയും മേഗനും യു.കെ വിട്ടത്. ഇനി യു.കെയിൽ സ്ഥിരതാമസമാക്കാനാണ് ഹാരിയുടെയും മേഗന്റെയും തീരുമാനം. കുട്ടികളെ ഒരു ബ്രിട്ടീഷ് സ്കൂളിൽ ചേർത്തെന്നും സെപ്തംബറിൽ പഠനം തുടങ്ങുമെന്നുമാണ് വിവരം. മടങ്ങിവരവിന്റെ കാരണം വ്യക്തമല്ല. ലണ്ടന് പുറത്ത് രാജകുടുംബത്തിൽ നിന്ന് അകന്ന് സ്വകാര്യ വസതിയിലാണ് ഇരുവരും താമസിക്കുക.
സഹോദരൻ വില്യം അടക്കം കുടുംബാംഗങ്ങളുമായി ഹാരി അകൽച്ചയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. ജൂലായിൽ ഹാരിയും കുടുംബവും ഇംഗ്ലണ്ടിലെത്തി ചാൾസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കൻ നടിയായ മേഗനുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ഹാരി രാജകുടുംബവുമായി അകന്നത്. രാജകുടുംബാംഗങ്ങളുടെ അവഗണനകളെ തുടർന്ന് ഇരുവരും രാജപദവികൾ ഉപേക്ഷിച്ചു. കുടുംബത്തിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളും വിവേചനങ്ങളും ഇരുവരും തുറന്നുപറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |