
കാഠ്മണ്ഡു: തകർന്നടിഞ്ഞ കെട്ടിടങ്ങളും വാഹനങ്ങളും... ചെളിയിൽ പുതഞ്ഞ അവശിഷ്ടങ്ങൾ... തിരിച്ചറിയാൻ പോലുമാകാത്തവിധം ഛിന്നിച്ചിതറിയ വീട്ടുസാധനങ്ങൾ.... ഉറ്റവരെ തെരഞ്ഞ് അലമുറയിടുന്ന ബന്ധുക്കൾ.
ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് നേപ്പാളിലെ പ്രളയ ബാധിത മേഖലയിൽ. കൂട്ടക്കരച്ചിലും അപായ സൈറണുകളും കൂടിക്കലർന്ന അന്തരീക്ഷം. ശ്മശാന തുല്യമായ സാഹചര്യം. രണ്ടായിരത്തിലേറെ പേരെ കാണാനില്ലെന്നാണ് കണക്കുകൾ. ഇവരിൽ ഏറെയും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരാണ്.
പ്രളയത്തിന്റെ കുത്തൊഴുക്കിൽ
എട്ട് ജില്ലകളിലേക്കാണ് മൃതദേഹങ്ങൾ എത്തിയത്. ചിത്വൻ, നവൽപ്പൂർ ജില്ലകളിലേക്കാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും നദികളിലൂടെ ഒഴുകിയെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ചുപോയി. മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു. കൂടുതൽ ഫ്രീസറുകൾ വേണം.
ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചശേഷം തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കും. ഡി.എൻ.എ പരിശോധനയ്ക്കുള്ള സാങ്കേതിക സഹായം നേപ്പാൾ വിദേശരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ആശുപത്രികൾ കഠിനമായ പ്രതിസന്ധിയാണ് നേരിടുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രി അടക്കം മെഡിക്കൽ ഹബ്ബുകളിൽ മരിച്ചവരെ തേടി ബന്ധുക്കളുടെ പ്രവാഹമാണ്.
# പകർച്ചവ്യാധി ഭീഷണി
ജലവിതരണ സംവിധാനങ്ങൾ താറുമാറായി. പകർച്ചവ്യാധികൾക്ക് സാദ്ധ്യതയെന്ന് ലോകാരോഗ്യ സംഘടന
17,000 ത്തോളം കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യൂണിസെഫ്
വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലം
മഴയും മൂടൽ മഞ്ഞും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി.
# 500 കോടി ഡോളർ:
നേപ്പാളിന്റെ പുനർനിർമ്മാണത്തിന്
വേണ്ടിവരുന്ന തുക
# ദുരന്തമുഖത്തും മോഷണം
പ്രളയജലത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 57 ലക്ഷത്തോളം രൂപ കവർന്ന 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റസുവ ജില്ലയിൽ നിന്ന് ഒഴുകിപ്പോയെന്ന് കരുതുന്ന സേഫ് ധാഡിംഗ് ജില്ലയിൽ തൃശൂലി നദിയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച റിപ്പോർട്ടുകളും പുറത്തുവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |