
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ യുക്രെയിൻ സൈന്യത്തിന്റെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് ഇവിടെ നിരവധി പൊട്ടിത്തെറികളുണ്ടാവുകയും സമീപത്തെ ജനവാസ മേഖലയിലേക്ക് വ്യാപിക്കുകയുമായിരുന്നു.
വയോജന കേന്ദ്രമടക്കം 50 ഓളം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. 2 മിസൈലുകളും 267 ഡ്രോണുകളും റഷ്യ വിക്ഷേപിച്ചെന്ന് യുക്രെയിൻ സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വിതരണക്കാരുടെ വെയർഹൗസുകൾക്ക് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു. റഷ്യയിലെ ബെൽഗൊറോഡിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു.
അതേസമയം,റഷ്യയ്ക്കെതിരെ ഡ്രോൺ ആക്രമണം കൂടുതൽ ശക്തമാക്കാനാണ് യുക്രെയിന്റെ തീരുമാനം. റഷ്യയിലേക്ക് പ്രതിദിനം 1,000 ദീർഘദൂര ഡ്രോണുകൾ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |