SignIn
Kerala Kaumudi Online
Friday, 09 October 2026 4.34 PM IST

'സിജെപിയുടെ പ്രകടനം നടത്തുന്നത് എംഎ ബേബിയാണോ, എത്ര പേർ പങ്കെടുക്കും?; ചോദ്യവുമായി സുപ്രീം കോടതി

ma-baby
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി സുപ്രീം കോടതി. സിജെപിയുടെ പ്രകടനം നടത്തുന്നത് എംഎ ബേബിയാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. പ്രകടനത്തിൽ എത്ര പേർ പങ്കെടുക്കുമെന്ന് എംഎ ബേബിക്ക് പറയാൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങൾ റദ്ദാക്കാം, അതോടൊപ്പം സമരവും നിരോധിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് നാളെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര വിദ്യാഭ്യസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച ആദ്യത്തെ പ്രതിഷേധത്തിന് ശേഷം സിജെപി അവരുടെ രണ്ടാമത് വലിയ പ്രതിഷേധമാണ് പദ്ധതിയിടുന്നത്. ഇതിനെ നേരിടാൻ ഭരണതലത്തിൽ വലിയ ഒരുക്കങ്ങൾ നടക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഒക്‌ടോബർ 12 വരെ 23,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാന മേഖലയിൽ സുരക്ഷയ്ക്കായി നിയമിക്കുക. കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) അധിക ബറ്റാലിയനെ ഇവിടെ കേന്ദ്രം നിയോഗിച്ചു. അനാവശ്യമായി കൂട്ടംകൂടുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തുമെന്ന മുന്നറിയിപ്പും പൊലീസ് സിജെപിക്ക് നൽകിക്കഴിഞ്ഞു. ജന്തർമന്തറിലോ മറ്റേതെങ്കിലും ഭാഗത്തോ പ്രതിഷേധക്കാർക്ക് കൂട്ടംകൂടി നിൽക്കാൻ അനുമതി നൽകില്ലെന്ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സൃഷ്ടി പാണ്ഡെ അറിയിച്ചു.

57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കണമെന്നും ഡൽഹി പൊലീസ് ഡിഎംആർസിയോട് രേഖാമൂലം ആവശ്യപ്പെട്ടു കഴിഞ്ഞു. രാത്രി 9 മണി മുതലാണ് ഈ മെട്രോ സ്റ്റേഷനുകൾ അടയ്‌ക്കേണ്ടത്. മദ്യശാലകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും ഡൽഹിയിൽ ഡ്രൈ ഡേ ആചരിക്കും. ഇതിനിടെ, വിദ്യാർത്ഥികൾ എത്താതിരിക്കാൻ വിവിധയിടങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാത്ഥികളെയും ങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന പ്രവർത്തകരെയും അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി ആരോപിക്കുന്നു.

പ്രാദേശിക തലത്തിൽ വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ച പൊലീസ്, സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർ, സർവകലാശാലകൾ, പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പൊലീസ് എത്തിയത്. ഇതിനുപുറമേ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ലൗഡ് സ്പീക്കറിൽ അനൗൺസ്‌മെന്റും നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA BABY, SUPREME COURT, CJP PROTEST, SUPREME COURT QUESTIONS, KERALA POLITICAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360