
കൊടുങ്ങല്ലൂർ: കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെടുത്ത രണ്ട് കേസുകളിലായി നാല് പ്രതികൾ പിടിയിലായി. ഡോക്യുമെന്ററിയുടെ സംവിധായകനായ തിരുവന്തപുരം നെടുമങ്ങാട് ആനാട് വില്ലേജ് വെമ്പ് സ്വദേശി സജിൻ ബാബു (40), പൊലീസ് ഓഫീസറുടെ വേഷമിട്ട വയനാട് മാനന്തവാടി വില്ലേജ് അമ്പൂത്തി സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് നാഗലശ്ശേരി വില്ലേജ് പെരിങ്ങോട് സ്വദേശി വിളക്ക് തറ വീട്ടിൽ ശരത് കുമാർ (27) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഡോക്യുമെന്ററി ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ചിത്രീകരണം നടത്തിയത്. റീൽസ്' ചിത്രീകരിച്ച് പ്രചരിപ്പിച്ച കോഴിക്കോട് കടലുണ്ടി ചാലിയം സ്വദേശി ചാന്ദിനി വീട്ടിൽ ഷൈജു (51) എന്നയാളെയും പിടികൂടി. അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.പ്രമോദ് പി, കൊടുങ്ങല്ലൂർ എസ്.എച്ച. ഒ ബിജോയ് പി, ജി.എ.എസ്.ഐ ഉമേഷ് കെ.വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |