
കൊച്ചി: ലഹരിക്കേസ് പ്രതിയുടെ ഫോൺ കോൾ ലിസ്റ്റിൽ പേരുണ്ടെന്ന് ഭീഷണിപ്പെടുത്തി എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് പൊലീസുകാരൻ 1.5 ലക്ഷം രൂപ തട്ടി. കേസെടുത്തതിന് പിന്നാലെ പൊലീസുകാരൻ ഒളിവിൽപ്പോയി. കൊച്ചി നഗരത്തിലെ ഒരു സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാൾ മോശമായി പെരുമാറിയെന്ന് ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലും കേസെടുത്തിണ്ട്. അന്വേഷണവും നടപടികളും രഹസ്യമാക്കി വച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ അഞ്ച് ഗ്രാമോളം എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവിന്റെ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ പത്തനംതിട്ട സ്വദേശിയും 35കാരനുമായ ഡോക്ടറുടെ പേരുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഒരു മാസത്തോളം നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയാണ് ഒന്നര ലക്ഷം രൂപ വാങ്ങിയെടുത്തത്. ഡോക്ടർ ദുരനുഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കേസെടുക്കുകയായിരുന്നു.
പൊലീസുകാരൻ ഇതേ കേസിൽ ഫോണിൽവിളിച്ച് മോശമായി സംസാരിച്ചെന്നാണ് വനിതാ ഡോക്ടർ എറണാകുളം ജില്ലയ്‌ക്ക് പുറത്തുള്ള സ്റ്റേഷനിൽ പരാതി നൽകിയത്. കേസെടുത്തെ ശേഷം ഇത് കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. കേസുമായി മുന്നോട്ട് പോകാൻ പിന്നീട് വനിതാ ഡോക്ടർ താത്പര്യം കാട്ടിയില്ല. ഇതിനു പിന്നാലെയാണ് 35കാരനായ ഡോക്ടർ പരാതി നൽകിയത്.
ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ, അവധിയിലായിരുന്ന പൊലീസുകാരനെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ പരാതിയിൽ കേസെടുത്തതോടെയാണ് ഒളിവിൽ പോയത്.
ഇടപാടുകാരായ ഉന്നതരിലേക്ക് അന്വേഷണം നീളാതിരിക്കാൻ ലഹരിക്കേസ് പ്രതി അസൂത്രണം ചെയ്തതാണോ പരാതികളെന്ന സംശയവും പൊലീസിനുണ്ട്. അന്വേഷണ മികവിന് പേരുകേട്ട ഉദ്യോഗസ്ഥൻ കേസിൽപ്പെട്ടതിന്റെ ഞെട്ടലിലാണ് സിറ്റിയിലെ പൊലീസുകാർ.
നാണക്കേടിലാക്കിയ സ്പാ കേസ്
സ്പായിൽ മസാജിംഗിന് പോയ വിവരം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പ്രതിയായതാണ് സിറ്റി പൊലീസിനെ നാണക്കേടിലാക്കിയ മറ്റൊരു സംഭവം. 53കാരനായ എസ്.ഐക്ക് പിന്നീട് കോടതി ജാമ്യം നൽകി. ഇപ്പോഴും സസ്‌പെൻഷനിലാണ്. കേസിലെ മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി രമ്യ, രണ്ടാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ഷിഹാം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |