
കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കക്കോടി കിഴക്കുമുറി എടക്കാട്ട് താഴം വീട്ടിൽ അക്ഷയ് (24)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്ത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പോക്സോ കേസുൾപ്പെടെ നിരവധി കേസുകളാണ് നിലവിലുള്ളത്. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പിന്നീട് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിതുമാണ് പ്രധാന കേസ്. ഈ കേസിന്റെ വിചാരണക്കിടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ അക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ മയക്കുമരുന്ന് ഉപയോഗം, പൊതുജന ശല്യം, മോഷണം തുടങ്ങിയ കേസുകളുമുണ്ട്. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കുന്നതിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും നിന്ന് വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് കിഴക്കുമുറിയിലെ വീട്ടിലെത്തിയ പ്രതിയെ ചേവായൂർ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് ജൂഡിഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വൺ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |