മുളന്തുരുത്തി: എറണാകുളം, കോട്ടയം ജില്ലകളിൽ തുടർച്ചയായി മോഷണം നടത്തിയിരുന്ന അന്തർജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെയും മോഷണമുതൽ വാങ്ങിയ രണ്ടുപേരെയും മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം വടക്കൻ പറവൂർ സ്വദേശികളായ റിയാസ് (റിയാദ്), തൻസീർ, ബൈജു എന്നിവരാണ് പ്രധാന പ്രതികൾ. നിസാർ, മിഥുൻ എന്നിവരാണ് മോഷണമുതൽ വാങ്ങിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതികളാണ് ഇവർ.
മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്, നീർപ്പാറയിലെ എച്ച്.പി പെട്രോൾ പമ്പ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്. അന്വേഷണത്തിനിടെ പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് ആലുവ മെട്രോ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
മോഷണത്തിനിടെ തിരിച്ചറിയപ്പെടാതിരിക്കാൻ പ്രതികൾ ഹെൽമറ്റ് ധരിക്കുകയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ഉപയോഗിക്കുകയും മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. മുളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ 200ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ വരിക്കാംകുന്ന് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നടന്ന മോഷണവും ഇവരാണ് നടത്തിയതെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മറ്റ് മോഷണക്കേസുകളും തെളിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രതികളെ പിറവം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുളന്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സംഗീത് പുനത്തിൽ, എസ്.ഐ.പ്രിൻസി.ആർ, എസ്.ഐ. പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐമാരായ ജയകുമാർ, ഷാജിത്ത്, എസ്.സി.പി.ഒമാരായ സലീം, സിജിലാൽ, സി.പി.ഒമാരായ ജിൽസ്, ജിഷ്ണു, സുധീഷ്, ഷിബു എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |