SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

തട്ടിക്കൊണ്ട് പോകൽ: ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളികളും അറസ്റ്റിൽ

francis
ഫ്രാൻസിസ് സേവ്യർ

കൊച്ചി: എം.ഡി.എം.എ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സംഘത്തലവൻ മുണ്ടംവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (36), അംഗങ്ങളായ പാലക്കാട് മണ്ണാർക്കാട് കർക്കിടാംകുന്ന് അലനൂർ വെള്ളാപ്പുള്ളി വീട്ടിൽ ഷഹനാസ് (29), കണ്ണൂർ ചാവശേരി വള്ള്യാട് കീഴൂർ ആക്കപ്പാറയിൽ എ.കെ. അനൂപ് (26), കണ്ണമാലി കാട്ടിപ്പറമ്പ് സെന്റ് ജോസഫ്,​ എൽ.പി സ്കൂളിന് സമീപം ഏനമക്കൽ വീട്ടിൽ സ്മിജിൽ ആന്റണി (26), പത്തനംതിട്ട കോഴഞ്ചേരി തെക്കേമല തിരുമാതാ സദനം വീട്ടിൽ ആര്യ പൊടിപെണ്ണ് (20) എന്നിവരാണ് എറണാകുളം, ആലപ്പുഴ ജില്ലകളിൽ അറസ്റ്റിലായത്.

സംഘവുമായി അടുപ്പമുള്ള മുളവുകാട് ബോൾഗാട്ടി നടുവത്തേഴത്ത് വീട്ടിൽ നിഖിൽ കെന്റ് (32) രാസലഹരിയുമായി മുളവുകാട് പൊലീസിന്റെ പിടിയിലായെങ്കിലും തട്ടിക്കൊണ്ട് പോകലിൽ പങ്കാളിയല്ല. ഇയാളുൾപ്പെടെ ആറ് പ്രതികളിൽ നിന്ന് 15.83 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് അടക്കം രണ്ട് കാറുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഫ്രാൻസിസ് സേവ്യർ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കുറ്റവാളിയാണ്. ഷഹനാസും അനൂപും കൊച്ചി കേന്ദമാക്കി ലഹരി ഇടപാട് നടത്തിയതിന് മുൻപ് അറസ്റ്റിലായവരാണ്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കുണ്ടന്നൂർ ഫോറം മാളിന് സമീപത്ത് നിന്ന് സംഘം തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി വിട്ടയച്ച മരട് തോമസ്‌പുരം സ്വദേശി റിജോയ് ബെക്സൺ ഫ്രാൻസിസിനെ (24) വെള്ളിയാഴ്ച വെണ്ണലയിൽ നിന്ന് 4.88 ഗ്രാം രാസലഹരിയുമായി അറസ്റ്റ് ചെയ്തിരുന്നു. എം.ഡി.എം.എ കൈമാറിയ വകയിൽ നൽകാനുള്ള പണം ഉടൻ നൽകാമെന്ന ഉറപ്പിലാണ് റിജോയിയെ സംഘം വിട്ടയച്ചത്.

ഫ്രാ​ൻ​സി​സിന് ​പി​ടി​വീണത് യു​വ​തി​ക്കൊ​പ്പം​ ​ക​ട​ക്കവെ

മുഖ്യപ്രതി ഫ്രാൻസിസ് സേവ്യറും ആര്യയും പിടിയിലായത് ആലപ്പുഴ കലവൂർ കൃപാസനത്തിന് സമീപം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഇയാൾ പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എറണാകുളം എ.സി.പി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സേവ്യറും യുവതിയും കാറിൽ ആലപ്പുഴ ഭാഗത്തേക്ക് നീങ്ങുന്ന വിവരം കിട്ടി. ആലപ്പുഴ എസ്.പിയെ ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് കൃപാസനത്തിന് സമീപം കാർ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ഫ്രാൻസിസ് ഇരുന്ന ഡ്രൈവറുടെ സീറ്റിനടിയിൽ നിന്ന് 2 ഗ്രാം രാസലഹരി കിട്ടി. ചോദ്യം ചെയ്തപ്പോൾ ഷഹനാസും അനൂപും മറ്റൊരു സ്വിഫ്റ്റ് കാറിൽ ചേർത്തല ഭാഗത്തേക്ക് വരുന്ന വിവരം കിട്ടി.

രാത്രി 9 ഓടെ കൃപാസനത്തിന് സമീപം പൊലീസ് ജീപ്പ് റോഡിന് കുറുക്കിട്ടാണ് കാറുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ഷഹനാസിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് 11.78 ഗ്രാം എം.ഡി.എം.എ കിട്ടി. യുവാവിനെ തട്ടിക്കൊണ്ട് പോയതും ഇതേ കാറിലായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ സ്മിജിൽ ആന്റണിയെ കുറിച്ച് സൂചന ലഭിച്ചു. പൊലീസ് എത്തുമ്പോൾ 0.10 മില്ലിഗ്രാം രാസലഹരി വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്മിജിലിനെ മരട് പൊലീസും ഫ്രാൻസിസ് സേവ്യർ, ഷഹനാസ്, ആര്യ, അനൂപ് എന്നിവരെ മണ്ണഞ്ചേരി പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ ആര്യ ആലുവയിൽ ബന്ദിയാക്കി പാർപ്പിച്ച യുവാവിനെ ലഹരി സംഘത്തോടൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി കണ്ടെത്തി. 01. 95 ഗ്രാം രാസലഹരിയുമായി മുളവുകാട് പൊലീസിന്റെ പിടിയിലായ നിഖിൽ കെന്റ് സംഘവുമായി അടുപ്പം പുലർത്തുന്ന ആളാണ്. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി അശ്വതി ജിജി എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY