
കോട്ടയം: നവജാത ശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തീക്കോയി കേസിൽ റിമാൻഡിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്‌നി എന്നിവരുടെ അറസ്റ്റാണ് പാലാ, കോട്ടയം ജയിലുകളിലെത്തി ചക്കരക്കൽ പൊലീസ് രേഖപ്പെടുത്തിയത്.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. തീക്കോയിയിൽ അസം സ്വദേശിനിയായ ഗർഭിണിയെ തടവിൽവച്ച് നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികളെ വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. നേരത്തെ രണ്ട് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തൊടുപുഴയിലും കണ്ണൂർ ചക്കരക്കല്ലിലുമാണ് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതെന്നാണ് കണ്ടെത്തൽ. കണ്ണൂരിൽ വാരം സ്വദേശികൾക്ക് ഒരു കുഞ്ഞിനെ വിറ്റതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തീക്കോയി കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ചക്കരക്കൽ പൊലീസ് രേഖപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |