
ശിക്ഷാവിധി നാളെ
നെടുമങ്ങാട്: തലസ്ഥാന നഗരിയെ ഞെട്ടിച്ച കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ എട്ടു പ്രതികൾ കുറ്റക്കാരെന്ന് നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
ഒന്നുമുതൽ എട്ടുവരെ പ്രതികളായ കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ പരട്ട എന്ന് വിളിപ്പേരുള്ള ആർ.അരുൺ,കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു,കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ പൂച്ച എന്ന് വിളിപ്പേരുള്ള ബി.രാജേഷ്, കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം.സഞ്ജു,കണ്ണമൂല കുളവരമ്പിൽ വീട്ടിൽ ബോൾജി എന്ന് വിളിപ്പേരുള്ള എസ്.ശ്രീനാഥ്,പട്ടം പി.ടി.സി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി.വിഷ്ണു,കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ഷേട്ടി മനു എന്ന ജെ.മനു,കൊല്ലൂർ തോട്ടുവരമ്പിൽ വീട്ടിൽ ഡിനി ബാബു എന്നിവരെയാണ് സ്‌പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ജയൻ,അജീഷ്,ഉണ്ണിക്കൃഷ്ണൻ,ദിലീപ് എന്നീ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി അരുൺ പേട്ട,മെഡിക്കൽ കോളേജ്,വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്.
കൊലപാതകം 2016ൽ
2016 ഒക്ടോബർ 7 നായിരുന്നു കൊലപാതകം. പ്രതികൾ സംഘം ചേർന്ന് വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിന്റെ പ്രായം. അക്രമത്തിൽ അച്ഛൻ ജോസ് എന്ന അനിൽകുമാർ,അമ്മ ബിന്ദു കുമാരി,അച്ഛന്റെ സഹോദരി ലൈല എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
എട്ടാം പ്രതി ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അനിൽകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 144 തൊണ്ടി വസ്തുക്കളും 6 തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കേസിൽ അഡ്വ.സാജൻ പ്രസാദായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |