
കൊച്ചി: ഇടപ്പള്ളി അഞ്ചുമനയിലെ ലോഡ്ജിൽ രാസലഹരി വില്പനയ്ക്ക് തമ്പടിച്ച യുവതിയുൾപ്പെടെ മൂന്നുപേർ കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി. വില്പനയ്ക്ക് കരുതിയ 4.675 ഗ്രാം എം.ഡി.എം.എ, രാസലഹരി നിറയ്ക്കാനുള്ള സിപ് ലോക്ക് കവറുകൾ, വലിക്കാനുള്ള ഫ്യൂമിംഗ് പൈപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
നിലമ്പൂർ പൂക്കോട്ടുമണ്ണ ജി.എൽ.പി സ്കൂളിന് സമീപം ആനടത്തിൽ വീട്ടിൽ എ.എം. തോമസ് (32), പത്തനംതിട്ട മാങ്കോട് ചിതൽവെട്ടി ശ്രീജിത്ത് വിലാസത്തിൽ ശ്രീലക്ഷ്മി (29), കൊല്ലം പുത്തൂർ മൈലക്കുളം ദുർഗാക്ഷേത്രത്തിന് സമീപം ശ്രീതു പി. ഷാജി (30) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ ലഹരി വില്പനക്കാർ തമ്പടിച്ചെന്ന വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എസ്.ഐ ഹരിശങ്കറുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
പൊലീസ് എത്തുമ്പോൾ തോമസ് ലഹരി ഇടപാടിനായി പുറത്തായിരുന്നു. തിരിച്ചെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത് നടത്തിയ തെരച്ചിലിൽ ശ്രീതുവിന്റെയും തോമസിന്റെയും പക്കൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. ഭൂഗർഭ ജലവകുപ്പിൽ താത്കാലിക ജീവനക്കാരനായിരുന്ന തോമസും ഓൺലൈൻ ടാക്സി ഡ്രൈവറായ ശ്രീതുവും ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് അടുക്കുന്നത്. തോമസുമായുള്ള സൗഹൃദമാണ് ശ്രീലക്ഷ്മിയെ സംഘവുമായി അടുപ്പിച്ചത്.
മൂന്നു പേരും ഇടയ്ക്കിടെ അഞ്ചുമനയിൽ എത്തിയിരുന്നതായും ലഹരി ഉപയോഗിക്കാനും വിതരണത്തിനും ലോഡ്ജിൽ തങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. എറണാകുളത്ത് 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയാണ് ശ്രീതു. തോമസ് കവർച്ചാ കേസിലും ലഹരി കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |