
തിരുവനന്തപുരം: ഭരണം ലഭിച്ച യു.ഡി.എഫ് ജനങ്ങൾ യജമാനന്മാരാണെന്നത് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. സി.പി.എമ്മിന് പറ്റിയ തെറ്റ് യു.ഡി.എഫിന് സംഭവിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനാവണം ആദ്യപരിഗണന നൽകേണ്ടത്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കണം. ജനവികാരം മനസിലാക്കിയാവണം സർക്കാരിന്റെ പ്രവർത്തനം.
മുഖ്യമന്ത്രി ആരെന്നതിനേക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ല. കേൾക്കുന്ന പേരുകളൊക്കെ ഇഷ്ടമുള്ളതാണ്. മൂന്ന് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. ആ മൂന്ന് പേരെയും ഇഷ്ടവുമാണ്. മൂവരും യോഗ്യരുമാണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കമുള്ളതാണ്. എല്ലാവരുടെയും അഭിപ്രായം കേട്ട് ഹൈക്കമാൻഡാണ് തീരുമാനം എടുക്കുക.
കേരളം കണ്ടത് അതിശക്തമായ സർക്കാർവിരുദ്ധ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗത മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതെപോയി. മാർക്സിസ്റ്റ് പാർട്ടിക്ക് നേരിട്ട തകർച്ചയിൽ കുത്തിപ്പരിക്കേൽപ്പിക്കാനില്ല. തെറ്റായ നടപടികൾ സി.പി.എം തിരുത്തണം. എന്ത് തെറ്റു ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് വലിയ പരാജയത്തിന് കാരണം. എൽ.ഡി.എഫ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |