SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

അലയടിച്ച ആവേശക്കടലിൽ സതീശൻ

READ ENGLISH VERSION

vd

തിരുവനന്തപുരം: പാറശാലയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വന്നിറങ്ങിയത് യു.ഡി.എഫ് പ്രവർത്തകരുടെ ആവേശത്തിലേക്കി്. നിലപാടുകളുടെ രാജകുമാരനെന്നു പറഞ്ഞ് പവതിയാൻവിളയിലെ വേദിയിൽ സ്വാഗത പ്രാസംഗികൻ കത്തിക്കയറുമ്പോൾ ചെറുചിരിയോടെ വേദിയിലെത്തി. കോൺഗ്രസ് നേതാക്കൾ കൊന്നപ്പൂക്കുല നൽകിയും ലീഗ് നേതാക്കൾ പച്ചപ്പട്ടണിയിച്ചും സ്വീകരിച്ചു. ഇടതുഭരണം അവസാനിപ്പിക്കാനുള്ള പുതുയുഗ നായകനെന്ന് കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ വിശേഷിപ്പിച്ചപ്പോൾ, പാറശാലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നെയ്യാറ്റിൻകര സനലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ജനക്കൂട്ടം ഇരമ്പിയാർത്തു.

മഹായുദ്ധത്തിന്റെ നടുവിലാണെന്നും ഈ യുദ്ധം നമ്മൾ ജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നെന്നും കാതടിപ്പിക്കുന്ന കരഘോഷത്തിനിടെ പറഞ്ഞാണ് സതീശൻ തുടങ്ങിയത്. കേരളത്തെ കുട്ടിച്ചോറാക്കിയ സർക്കാരിനോട് ജനം ക്ഷമിക്കില്ല. 10 വർഷമായി റേഷൻ മുടങ്ങിയില്ലെന്നാണ് പ്രചാരണം. യു.ഡി.എഫാണ് സ്റ്റാറ്റ്യൂട്ടറി റേഷൻ തുടങ്ങിയത്. എല്ലാക്കാലവും റേഷൻ തടസമില്ലാതെ നൽകാറുണ്ട്. പിണറായിയാണോ റേഷൻ തുടങ്ങിയത് ?- തള്ളിമറിക്കുകയാണെന്ന് മുൻനിരയിലെ പ്രവർത്തകൻ. അതേ, തള്ള് തന്നെയെന്ന് സതീശനും .10 വർഷം കൊണ്ട് നാലരലക്ഷം വീടുണ്ടാക്കിയെന്നാണ് പ്രചാരണം. ഉമ്മൻചാണ്ടി 5 വർഷംകൊണ്ട് 4.45ലക്ഷം വീടുണ്ടാക്കി. അര ലക്ഷം വീടിന്റെ പണി തുടങ്ങി. അതും കൂട്ടിയാണ് മേനിപറച്ചിൽ. ശമ്പള പരിഷ്കരണത്തിന് കമ്മിഷനെ വച്ചെങ്കിലും നടപ്പാക്കേണ്ടത് യു.ഡി.എഫ് സർക്കാരായിരിക്കും. കെ.എസ്.ആർ.ടി.സിയിലെ സൗജന്യയാത്ര ഔദാര്യമല്ല, സ്ത്രീകളോടുള്ള ആദരവാണ്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ തീരുമാനം ഇതായിരിക്കും. വയോജനങ്ങൾക്ക് ആശുപത്രികളിൽ പ്രത്യേക ചികിത്സാ വിഭാഗവും പരിഗണനയുമുണ്ടാവും. ക്ഷേമപെൻഷൻ 3000 രൂപയാക്കും

പിണറായിക്കെതിരായ ആക്രമണമായിരുന്നു അടുത്തത്. തോൽവി ഉറപ്പായതോടെ ബി.ജെ.പി ഡീലെന്ന ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. കുലം കുത്തി, നികൃഷ്ടജീവി, പരനാറി, ചെറ്റ എന്നിങ്ങനെ പ്രയോഗങ്ങൾ നടത്തുന്ന പിണറായിയെ ഞാൻ 'ഭാഷാപണ്ഡിതനെന്ന്' വിശേഷിപ്പിക്കുകയാണ്. ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ് . . ജമാഅത്തെ ഇസ്ലാമി ബന്ധമില്ലെന്ന് പറഞ്ഞിട്ട് വീഡിയോ വന്നപ്പോൾ മാറ്റിപ്പറഞ്ഞു. ആർ.എസ്.എസ് ബന്ധമില്ലെന്ന് ആവർത്തിക്കുന്നെങ്കിലും ചില സമയത്ത് കൂടും, ചിലപ്പോൾ ഇല്ലെന്ന് പറയുന്ന വീഡിയോ ഇന്ന് പുറത്തു വിടും.

പറവൂരിൽ റോഡു പണിക്കു വന്ന ബംഗാളികളിലൊരാൾ പറഞ്ഞത് അവിടെ ഏരിയാ സെക്രട്ടറിയാണെന്നാണ്. ജില്ലാ സെക്രട്ടറി തൃശൂരിൽ പൊറോട്ട അടിക്കാൻ വന്നിട്ടുണ്ടെന്നും. അതിലേക്കാണ് പിണറായി പാർട്ടിയെ നയിക്കുന്നത്.
കേരളത്തെ വീണ്ടെടുക്കണം. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ നിങ്ങളെ വീട്ടിലിരുത്താനാണ് ജനം തീരുമാനിച്ചിട്ടുള്ളതെന്ന് സതീശൻ പറഞ്ഞതോടെ ആൾക്കൂട്ടം ആവേശക്കടലിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA