SignIn
Kerala Kaumudi Online
Saturday, 13 June 2026 5.22 PM IST

ബഡ്ജറ്റിന് ശേഷം നയരൂപീകരണം :കള്ളിൽ തൊട്ട് മദ്യനയം !

1

തിരുവനന്തപുരം: മദ്യവ്യാപനം നിയന്ത്രിക്കാനും പരമ്പരാഗത മേഖലയായ കള്ള് വ്യവസായത്തെ പുഷ്ടിപ്പെടുത്താനും മുൻതൂക്കം നൽകിയുള്ളതാകും യു.ഡി.എഫ് സർക്കാരിന്റെ മദ്യനയമെന്ന് സൂചന. ജൂൺ 19ലെ ബഡ്ജറ്റ് അവതരണത്തിനു ശേഷമാവും മദ്യനയ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 2025-26ലെ അതേ നിരക്കിൽ മദ്യഷാപ്പുകളുടെ ലൈസൻസ് കാലാവധി നീട്ടി നൽകിയിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾ നയപരമായ മാറ്റം പാലിക്കാമെന്ന വ്യവസ്ഥയിലാണ് കാലവധി നീട്ടി നൽകിയത്. മദ്യ വ്യാപനത്തിനെതിരായ ബോധവത്കരണ പ്രവർത്തനം ശക്തമാക്കും.

മദ്യശാലകളുടെ എണ്ണം കൂടുന്നത് പ്രോത്സാഹിപ്പിക്കില്ല. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത് 29 ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകളായിരുന്നു. നിലവാരമില്ലായ്മയുടെ പേരിൽ പൂട്ടിയ ബാറുകളിൽ അധികവും പിന്നീട് നിലവാരം മെച്ചപ്പെടുത്തി തുറന്നു.10 വർഷത്തെ ഇടതു ഭരണം കഴിഞ്ഞപ്പോൾ ബാറുകളുടെ എണ്ണം 903 ആയി. നിലവിലുള്ള ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്ക്ക് മാറ്റമുണ്ടാവില്ല. ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ അടുത്തിടെ കൂട്ടിയത് പുനഃപരിശോധിച്ചേക്കും.

ടൂറിസം മേഖലയിൽ സ്വീകരിക്കേണ്ട മാറ്റങ്ങളും വിശദമായി പരിശോധിക്കും. കള്ള് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ദൂരപരിധി വ്യവസ്ഥ പരിഷ്കരിക്കാനും സാദ്ധ്യതയുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് പുതിയ സർക്കാരിന്റെ ആലോചന. കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകി.

നയരൂപീകരണം

ബാറുടമകൾ, കള്ള് ഷാപ്പ് ലൈസൻസികൾ, വിദേശമദ്യ, കള്ള് മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി വെവ്വേറെ ചർച്ച നടത്തും. മദ്യനിരോധന സമിതി ഭാരിവാഹികളുമായും ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായും ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആവിഷ്കരിക്കുന്ന നയത്തിന്റെ കരട് എക്സൈസ് വകുപ്പ് തയ്യാറാക്കും. ഇത് യു.ഡി.എഫിലും ചർച്ച ചെയ്യും.

നിലവിൽ മദ്യശാലകൾ

903 ബാറുകൾ

331 വിദേശ മദ്യചില്ലറ വില്പന ശാലകൾ

222 ബിയർ, വൈൻ പാർലറുകൾ

4820 കള്ള് ഷാപ്പുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA