SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

വാട്സ്ആപ്പ് കാൾ തട്ടിപ്പ്; കരുവാക്കുന്നത് കൂലിപ്പണിക്കാരെ, ഉപയോഗിക്കുന്നത് ദരിദ്രരുടെ നമ്പരുകൾ

whats-app-

കോഴിക്കോട്: വാട്സ് ആപ്പ് കാൾ തട്ടിപ്പിനു ഉപയോഗിക്കുന്നത് ഉത്തരേന്ത്യയിലെ കൂലിപ്പണിക്കാരുടെയും ദരിദ്രരുടെയും ഫോൺ നമ്പരുകൾ. മോഷ്ടിക്കപ്പെടുകയോ,​ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകളിലെ സിം കാർഡും ദുരുപയോഗം ചെയ്യപ്പെടുന്നതായി സെെബർ പൊലീസ് പറയുന്നു.

നിരക്ഷരരിൽ പലരും ഫോൺ നഷ്ടമായാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാറില്ല. പലർക്കും ഇതറിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് പണവും ലഹരിയും നൽകിയും സിം കാർഡുകൾ സ്വന്തമാക്കുന്നുണ്ട്. അവരെക്കൊണ്ട് പുതിയ കണക്ഷനെടുപ്പിച്ചും തട്ടിപ്പുണ്ടെന്നാണ് വിവരം.

മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണനെ വാട്സ്ആപ്പിൽ വിളിച്ച നമ്പരിന്റെ ഉടമ ഡൽഹിയിലെ കൂലിപ്പണിക്കാരനാണ്. ഇയാളെ കോഴിക്കോട് സെെബർ പൊലീസ് ചോദ്യം ചെയ്തപ്പോൾ അടുത്തിടെ തന്റെ ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു മറുപടി. +919540575524 എന്ന നമ്പരിൽ നിന്നാണ് വിളിയെത്തിയത്. എന്നാൽ എം.എൽ.എയെയോ, എം.പിമാരെയോ വിളിച്ചിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.

തുണയായി 'സഞ്ചാർ സാഥി"

ഒരാളുടെ പേരിൽ എത്ര ഫോൺ നമ്പരുകളുണ്ടെന്നറിയാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കാം. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ബ്ളോക്ക് ചെയ്യാനും തിരികെ ലഭിച്ചാൽ അൺ ബ്ളോക്ക് ചെയ്യാനുമാകും.

ആപ്പിൽ 'നോ യുവർ മൊബെെൽ കണക്ഷൻസ്" എന്നതിൽ ക്ളിക്ക് ചെയ്ത്,​ ഫോൺ നമ്പരും ഒ.ടി.പിയും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്ത ഫോൺ നമ്പരുകൾ കാണാം. അറിയാത്ത നമ്പരുകളുണ്ടെങ്കിൽ റദ്ദാക്കാം.

ഫോൺ നഷ്ടപ്പെട്ടാൽ

പൊലീസിൽ പരാതിപ്പെട്ട് എഫ്.ഐ.ആറിന്റെ കോപ്പി കെെപ്പറ്റണം. തുടർന്ന് സഞ്ചാർ സാഥിയിൽ 'ബ്ളോക്ക് ലോസ്റ്റ്/ സ്റ്റോളൻ മൊബെെൽ" എന്ന ഓപ്ഷനിൽ ഐ.എം.ഇ.ഐ നമ്പരും മറ്റും നൽകി ബ്ളോക്ക് ചെയ്യാം. നഷ്ടപ്പെട്ട ഫോൺ കിട്ടിയാൽ 'അൺബ്ളോക്ക് ഫൗണ്ട് മൊബെെൽ" എന്ന ഓപ്ഷനിലൂടെ ഫോൺ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA