SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

കേരളത്തിന് വേണം സ്വതന്ത്ര ആയുഷ് വകുപ്പും കലാശാലയും

aa

കൊച്ചി: കേരളത്തിൽ ആയുഷ് ചികിത്സാ വിഭാഗങ്ങൾക്കായി സ്വതന്ത്രവകുപ്പും സർവകലാശാലയും രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. കേന്ദ്ര ആയുഷ് പദ്ധതികളും ഫണ്ടും നേടാനും മെഡിക്കൽ ടൂറിസത്തിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പ്രത്യേക വകുപ്പ് സഹായിക്കും.

കേരളീയ പൈതൃകമുള്ള ആയുർവേദത്തിന്റെ ഉൾപ്പെടെ വികസനത്തിന് വകുപ്പും സർവകലാശാലയും സഹായിക്കുമെന്ന് ആയുഷ് മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. ആയുഷിന് പ്രാധാന്യവും പരിഗണനയും ലഭിക്കുന്നത് പഠനം, ഗവേഷണം, വികസനം, മരുന്ന് ഉത്പാദനം തുടങ്ങിയ മേഖലകൾക്കും ഉണർവേകും.

കേരളത്തിൽ 2015 ജൂൺ 18ന് ആയുഷ് വകുപ്പ് രൂപീകരിച്ചെങ്കിലും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലാണ് പ്രവർത്തനം. ആയുഷിന് സ്വതന്ത്ര മന്ത്രിയും വകുപ്പും സർവകലാശാലയും രൂപീകരിച്ചാൽ കേന്ദ്രസഹായത്തോടെ പദ്ധതികൾ നടപ്പാക്കാൻ കഴിയും.

രോഗപ്രതിരോധരംഗത്തുൾപ്പെടെ ആയുഷിനെ പരിപോഷിപ്പിക്കാൻ നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ട്. വലിയതോതിൽ ധനസഹായവും ലഭിക്കും. ആയുർവേദത്തിന് വർദ്ധിച്ചുവരുന്ന ശ്രദ്ധ കേരളത്തിന്റെ ചികിത്സാ, സാമ്പത്തികമേഖലകൾക്കും കുതിപ്പും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കുമെന്ന് ആയുഷ് സംഘടനകൾ പറയുന്നു.

ഛത്തീസ് ഗഡ് മാതൃക

തൃശൂർ ആസ്ഥാനമായ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലാണ് ആയുഷ് മെഡിക്കൽ കോളേജുകളും മറ്റു പഠന, ഗവേഷണ സ്ഥാപനങ്ങളും. അലോപ്പതിക്കാണ് അതിൽ പ്രാമുഖ്യം. ഛത്തീസ്ഗഡിൽ 2000ൽ സ്ഥാപിച്ച ആയുഷ് ആൻഡ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ മാതൃക സ്വീകരിക്കണം.

കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ആയുഷ് വിഭാഗങ്ങൾ

ആയുർവേദം

യോഗയും പ്രകൃതിചികിത്സയും

യൂനാനി

സിദ്ധ

ഹോമിയോപ്പതി

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനത്തിനും ആയുഷ് വിഭാഗങ്ങളെ പ്രയോജനപ്പെടുത്താൻ പ്രത്യേക മന്ത്രാലയം അനിവാര്യമാണ്.

ഡോ. ടി.ടി. കൃഷ്ണകുമാർ

പ്രസിഡന്റ്

വിശ്വ ആയുർവേദ പരിഷത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSH UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA