
തിരുവനന്തപുരം: കേരളത്തിന്റെ തനതായ പാചക കലയെയും രുചികളെയും ലോകത്തിന് പരിചയപ്പെടുത്താൻ പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. ബേക്കറി, ഹോട്ടൽ മാനേജ്മെന്റ്, ഭക്ഷ്യ ഉത്പാദനം, ഭക്ഷ്യ സുരക്ഷ എന്നിവയിൽ പരിശീലനവും വിദ്യാഭ്യാസവും നൽകും. ഇതിനായി 2കോടി വകയിരുത്തി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂൾ ഒഫ് പ്ലാനിംഗ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ സ്ഥാപിക്കും. ഇവിടെ നിന്ന് ആർക്കിടെക്ചർ, ഡിസൈൻ കോഴ്സുകളിൽ ബിരുദ- ബിരുദാനന്തര ബിരുദ, നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കും. സർക്കാർ വകുപ്പുകളിലെ എൻജിനിയർമാർക്കും ആർക്കിടെക്ടുകൾക്കും റീ-ഓറിയന്റേഷൻ കോഴ്സുകളുമുണ്ടാവും. 10കോടി ചെലവിൽ ജവഹർലാൽ നെഹ്‌റു സയന്റിഫിക് സിറ്റി സ്ഥാപിക്കും. ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ 1 കോടി വകയിരുത്തി.
റവന്യൂ വകുപ്പിനായി ഡ്രോൺ ലാബ് സെന്റർ സ്ഥാപിക്കും. കൊച്ചി- തൃശൂർ മേഖലയെ ആഭരണ നിർമ്മാണ ഇടനാഴിയാക്കാൻ സ്വർണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും. മദർഷിപ്പ് നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ന്യൂനപക്ഷ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. കേരളത്തിന്റ സമുദ്ര യാത്രാ ചരിത്രവും കപ്പൽ നിർമ്മാണ പാരമ്പര്യവും വാണിജ്യ പൈതൃകവും വ്യക്തമാക്കുന്ന അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
ആഗോള സമ്പദ് വ്യവസ്ഥയ്ക്കനുസരിച്ച് യുവാക്കൾക്ക് പരിശീലനം നൽകാനും വിദ്യാഭ്യാസത്തെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കാനുമായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' എന്ന പേരിൽ ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷൻ സ്ഥാപിക്കും. ലോകത്തെ പുതിയ തൊഴിൽ പ്രവണതകൾ കണ്ടെത്തി അതിനാവശ്യമായ നൈപുണ്യ വികസനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മാർഗനിർദ്ദേശം നൽകുകയാണ് ചുമതല. സ്വകാര്യ ഉപഗ്രഹ നിർമ്മാണ, വിക്ഷേപണ സ്ഥാപനങ്ങൾക്ക് ഭൂമി ലഭ്യമാക്കും. സ്പേസ് പാർക്ക് മികച്ചതാക്കാൻ 5കോടിയുണ്ട്. ദുരന്തനിവാരണം, മുന്നറിയിപ്പ്, അടിയന്തര പ്രതികരണം, ഏകോപനം എന്നിവയ്ക്കുള്ള അത്യാധുനിക കേന്ദ്രമായി 'ഡിസാസ്റ്റർ റെസിലയൻസ് സെന്റർ ' സ്ഥാപിക്കും. ഇതിലൂടെ ദുരന്ത നിവാരണത്തിലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ പ്രതിരോധത്തിലും കേരളം മാതൃകയാവുമെന്നും ബഡ്ജറ്റിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |