
മുഖ്യമന്ത്രി ഇടപെട്ടു
മന്ത്രി സി.പി.ജോൺ സ്ഥലത്തെത്തി
തിരുവനന്തപുരം: ഒരാഴ്ചമുമ്പ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമല്ലെന്ന് ആരോപിച്ച് ഭാര്യയും കുട്ടികളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ടു. തെരച്ചിൽ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി സി.പി. ജോൺ അഞ്ചുതെങ്ങിലെത്തി ചർച്ച നടത്തി. സർക്കാർ ഇതിനകം സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. തെരച്ചിൽ തുടരുമെന്ന ഉറപ്പും നൽകി.
ഇന്നലെ കനത്ത മഴയെ അവഗണിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിലെ തീരദേശ റോഡിൽ കുത്തിയിരുന്നാണ് ഷിജിന്റെ ഭാര്യ സ്റ്റിജിയും കുട്ടികളും ഉൾപ്പെടെ പ്രതിഷേധിച്ചത്. വിഷയത്തിൽ സർക്കാരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തി. അപകടമുണ്ടായ ആദ്യമണിക്കൂറിൽ തെരച്ചിൽ ഫലപ്രദമായില്ലെന്ന് ആരോപിച്ചു.
ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തി. ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ചുമതലയുള്ളവർ ഉറക്കത്തിലാണ്. മുതലപ്പൊഴിയിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഫിഷറീസ് മന്ത്രിയെ ജൂണിൽ നേരിൽകണ്ട് ബോദ്ധ്യപ്പെടുത്തിയതാണെന്നും പറഞ്ഞു.
വിഴിഞ്ഞത്തും തെരച്ചിൽ
ഊർജ്ജിതമാക്കും: മുഖ്യമന്ത്രി
ഒരാഴ്ച മുമ്പ് ബോട്ടപകടത്തെ തുടർന്ന് വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിന് വേണ്ടിയുള്ള തെരച്ചിലും ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പരിശ്രമവും ഇക്കാര്യത്തിലുണ്ടാവുമെന്ന് ജോണിന്റെ മകൾ ജിജി ജോണിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചു. ശരിയായ രീതിയിൽ തെരച്ചിൽ നടക്കുന്നില്ലെന്ന് ജിജി കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞത് വിവാദമായിരുന്നു.
വീഴ്ചയില്ലെന്ന് സർക്കാർ
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണെന്നും വീഴ്ചയില്ലെന്നും സർക്കാർ. ഫിഷറീസ് വകുപ്പ്, ജില്ലാ ഭരണകൂടം, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ദുരന്തനിവാരണ അതോറിട്ടി എന്നിവയുടെ ഏകോപനത്തോടെയുള്ള തെരച്ചിലാണ് നടക്കുന്നത്. ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |